ഉന്നത പദവികൾ വഹിച്ചിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ, ധീരതയ്ക്കുള്ള മെഡലുൾപ്പടെ സ്വന്തം; ആരാണ് യോഗി സർക്കാർ പുറത്താക്കിയ മുകുൾ ഗോയൽ ?

Thursday 12 May 2022 11:47 AM IST

ലക്‌നൗ: സർക്കാ‌ർ ഉത്തരവുകൾ നിരന്തരം അവഗണിച്ചതിനും വകുപ്പുതല ജോലികളിൽ തീരെ താൽപര്യം കാണിക്കാത്തതിനും പൊലീസ് മേധാവിയെ കഴിഞ്ഞ ദിവസം യോഗി സർക്കാർ നീക്കിയിരുന്നു. ഉത്തർപ്രദേശ് ഡി.ജി.പിയായ മുകുൾ ഗോയലിനെയാണ് സംസ്ഥാന സർക്കാർ പദവിയിൽ നിന്നും ഒഴിവാക്കിയത്. പൊതുസുരക്ഷാ ചുമതലയുള‌ള ഡി.ജിയായി മുകുൾ ഗോയലിനെ മാറ്റി നിയമിച്ചിട്ടുണ്ട്.

സംഭവ ബഹുലമായ ഔദ്യോഗിക ജീവിതം, ആരാണ് മുകുൾ ഗോയൽ ?

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണ് 1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ മുകുൾ ഗോയൽ. 2021 ജൂലായിലാണ് അദ്ദേഹം സംസ്ഥാനത്തെ പൊലീസ് മേധാവിയായത്. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് ജനനം.

ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ മുകുൾ ഗോയൽ ബി.ടെക് ബിരുദം നേടിയിട്ടുണ്ട്. 2003ൽ ധീരതയ്‌ക്കുള‌ള പൊലീസ് മെഡൽ നേടിയയാളാണ് മുകുൾ ഗോയൽ.

വാരണാസി, ഗോരഖ്‌പൂ‌ർ, മീററ്റ്, ഹത്രാസ്, അസംഗ‌ഡ് ഉൾപ്പടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉന്നതപദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ദേശിയ ദുരന്ത നിവാരണ സേനയിലും ഇന്തോ-ടിബറ്റൻ പൊലീസിലും ജോലി നോക്കിയിട്ടുണ്ട്.

മുൻപും പല തവണ ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. 2000 ൽ ബി.ജെ.പി നിയമസഭാംഗം നിർഭയ് പാൽ ശർമ്മയുടെ കൊലപാതകത്തെ തുടർന്ന് മുകുൾ ഗോയലിനെ സസ്പെൻഡ് ചെയ്തിരുന്നു.

2007 സെപ്‌തംബറിൽ ചില എഫ്.ഐ.ആറുകളുടെ പേരിൽ അന്നത്തെ യു.പി മുഖ്യമന്ത്രി മായാവതി സസ്പെൻഡ് ചെയ്ത 24 ഐ.പി.എസ് ഉദ്യോഗസ്ഥരിൽ മുകുൾ ഗോയലും ഉൾപ്പെട്ടിരുന്നു. പിന്നീട് അഖിലേഷ് യാദവ് സർക്കാരാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്.