സ്വകാര്യ കമ്പനികൾ ബഹുദൂരം മുന്നിൽ, ബി എസ് എൻ എൽ ഇപ്പോഴും 3ജി തന്നെ; 4ജി ഈ വര്‍ഷം, 5ജി അടുത്ത വര്‍ഷമെത്തും
രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം ഈ വര്‍ഷം തന്നെ 5ജി സേവനങ്ങള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ്. സ്‌പെക്ട്രം ലേലത്തിനായുള്ള കാത്തിരിപ്പിലാണ് കമ്പനികൾ. ഈ വർഷം തന്നെ ലേലം നടത്തുമെന്നാണ് സർക്കാർ പറയുന്നത്. 5ജി സേവനം ആരംഭിക്കാനുള്ള മറ്റെല്ലാ സജ്ജീകരണങ്ങളും കമ്പനികൾ ചെയ്ത് കഴിഞ്ഞു.
അതേസമയം, സർക്കാർ ഉടമസ്ഥതയിലുള്ള ബി.എസ്.എൻ.എൽ ഇപ്പോഴും മന്ദഗതിയിലാണ്. 4ജി വിന്യാസം ഇനിയും പൂര്‍ത്തിയായിട്ടില്ലെങ്കിലും വരും വര്‍ഷം തന്നെ ബി.എസ്.എൻ.എൽ 5ജിയ്ക്ക് തുടക്കമിടുമെന്നാണ് വിവരങ്ങൾ. ഈ വര്‍ഷം 4ജി വിന്യാസം പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്.
തദ്ദേശീയമായി വികസിപ്പിച്ച 4ജി നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യകളാകും ബി.എസ്.എൻ.എൽ ഉപയോഗിക്കുക. ടി.സി.എസ്, സി-ഡോട്ട് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 5ജിയ്ക്ക് വേണ്ടിയും ഇന്ത്യന്‍ നിര്‍മിത സാങ്കേതിക വിദ്യയെ തന്നെയാകും ബി.എസ്.എൻ.എൽ ആശ്രയിക്കുക.