സഞ്ചാരികളെ കാത്ത് ഇല്ലിക്കൽ കല്ല്.

Friday 13 May 2022 12:03 AM IST

കോട്ടയം. പച്ചയണിഞ്ഞുനിൽക്കുന്ന മൊട്ടക്കുന്നുകളെ വകഞ്ഞുമാറ്റിയെത്തുമ്പോൾ, സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് ഇല്ലിക്കൽ കല്ല് നൽകുന്നത്. ജില്ലയിലെ ഏകഹിൽ സ്‌റ്റേഷനാണ് ഇല്ലിക്കൽ കല്ല്. സമുദ്രനിരപ്പിൽ നിന്ന് മൂവായിരം അടി മുകളിലാണിവിടം സ്ഥിതി ചെയ്യുന്നത്. മുൻപ് ഇവിടെ അപകട സാദ്ധ്യത കൂടുതലായിരുന്നു . ഇതിന് പരിഹാരമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയും മൂന്നരക്കോടി രൂപ ചെലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്തു.

അടിവാരത്ത് നിന്ന് കുറച്ച് ദൂരം കാൽനടയായോ, ജീപ്പിലോ പോയാൽ മാത്രമേ ഹിൽ ടോപ്പിലെത്തൂ. ഇവിടെ പുതിയതായി സംരക്ഷണവേലി ഒരുക്കിയിട്ടുണ്ട്. നടപ്പാതകളും ക്രമീകരിച്ചു. ഇടിമിന്നൽ രക്ഷാചാലകവും സ്ഥാപിച്ചു. കുന്നിൻ മുകളിലെ വിസ്മയം ആസ്വദിക്കാൻ ഭിന്നശേഷിക്കാർക്ക് വീൽചെയറിൽ കയറുന്നതിനായി റാംപും ഒരുക്കിയിട്ടുണ്ട്. ജീപ്പ് സവാരിയുമാവാം.

ടിക്കറ്റ് കൗണ്ടറിൽ നിന്നും ഒന്നരകിലോമീറ്റർ ഉയരത്തിലാണ് ഇല്ലിക്കൽ കല്ല്. കയറ്റത്തിന് ടൂറിസം വകുപ്പിന്റെ ജീപ്പുണ്ട്. ഇരുവശത്തേയ്ക്കുമുള്ള യാത്രയ്ക്ക് 59 രൂപയാണ്. മുകളിൽ പ്രാഥമിക സൗകര്യങ്ങൾക്കുള്ള ഇടം, ഫുഡ് കോർട്ട് എന്നിവയുമുണ്ട്. പ്രവേശനഫീസ് 20 രൂപയാണ് .
കോട്ടേജുകളുടെ നിർമ്മാണവും നടക്കുന്നുണ്ട്. ഇല്ലിക്കൽ കല്ലിലേയ്ക്കുള്ള ഈരാറ്റുപേട്ട മേലടുക്കം റോഡ് അത്യാധുനിക രീതിയിൽ നിർമ്മാണം പൂർത്തിയാക്കി. ഇട റോഡുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് വാഗമണിലേക്കും ഇലവീഴാപൂഞ്ചിറയിലേക്കും പോകാനെളുപ്പമാണ്. അവധി ദിവസങ്ങളിലാണ് സഞ്ചാരികളുടെ തിരക്ക്. കൊവിഡിന് മുൻപ് ഒരുമാസം 10 ലക്ഷത്തോളം രൂപ വരുമാനമുണ്ടായിരുന്നു. ഇപ്പോൾ നാല് ലക്ഷത്തോളം രൂപ മാത്രമാണ് വരുമാനമെന്ന് ഡി.ടി.പി.സി സെക്രട്ടറി പറഞ്ഞു.

Advertisement
Advertisement