പറഞ്ഞതിലും നേരത്തെ, മമ്മൂട്ടി ചിത്രം പുഴു സ്‌ട്രീമിംഗ് തുടങ്ങി, പ്രദർശനം അഞ്ചു ഭാഷകളിൽ

Thursday 12 May 2022 7:07 PM IST

മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന സംവിധാനം ചെയ്‍ത പുഴു സോണിലിവിൽ പ്രദര്‍ശനം ആരംഭിച്ചു. വൈകിട്ട് അഞ്ചിന് ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിച്ചു. മേയ് 13 ന് എത്തുമെന്നാണ് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. നേരിട്ട് ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് പുഴു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സോണി ലിവില്‍ ചിത്രം കാണാനാവും.ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നചിത്രമാണ് ഇത്.

'ഉണ്ട'യുടെ രചയിതാവ് ഹര്‍ഷദിന്‍റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജ് ആണ് നിർമാണം. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും.