ബിജെപി നേതാവിന് തിരിച്ചടി; താജ്മഹലിലെ പൂട്ടിയിട്ടിരിക്കുന്ന മുറികൾ തുറക്കുന്ന കാര്യത്തിൽ ഇടപെടാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി; നിയമപോരാട്ടം ഡൽഹിയിലേക്ക്

Thursday 12 May 2022 7:21 PM IST

ലക്നൗ: താജ്മഹലിനുള്ളിലെ പൂട്ടിക്കിടക്കുന്ന 22 മുറികൾ തുറക്കണമെന്ന ബിജെപി നേതാവിന്റെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന വാദങ്ങൾ കോടതിയുടെയും വിവരാവകാശ നിയമത്തിന്റെയും പരിധിയിൽ വരുന്ന കാര്യങ്ങളല്ലെന്നും, അത് ചരിത്രകാരന്മാർക്ക് വിടണമെന്നും പറഞ്ഞുകൊണ്ടാണ് കോടതി ഹർജി തള്ളിയത്.

താജ്മഹലിൽ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി പൂട്ടിക്കിടക്കുന്ന 22 മുറികൾ തുറക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകുക, ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് അയോദ്ധ്യ ജില്ലയിലെ ബി ജെ പി മാദ്ധ്യമ വിഭാഗത്തിന്റെ ചുമതലയു
ള്ള ഡോ. രജ്നീഷ് സിംഗ് കഴിഞ്ഞയാഴ്ചയാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിൽ ഹർജി നൽകിയത്.

താജ്മഹലിന് പിന്നിലെ ചരിത്രവും വസ്തുതകളും കണ്ടെത്തുന്നതിന് സമിതി രൂപീകരിക്കാനുള്ള അപേക്ഷ ന്യായീകരിക്കാനാവാത്ത വിഷയമാണ്. ഇക്കാര്യത്തിൽ കോടതിക്ക് തീർപ്പ് കൽപ്പിക്കാനാവില്ല. പൂട്ടിക്കിടക്കുന്ന മുറികൾ തുറക്കുന്നതിനായി ചരിത്ര ഗവേഷണത്തിൽ വ്യക്തമായ രീതിശാസ്ത്രം ഉൾപ്പെടുത്തണം. ഇത് ചരിത്രകാരന്മാരുടെ വിഷയമാണ്. അത് അവർക്ക് വിടണം. ഈ ഹർജിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല എന്നിങ്ങനെയാണ് കോടതിയുടെ നിരീക്ഷണങ്ങൾ.

ഹർജി ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിൽ ചരിത്ര വകുപ്പിനെയും ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയെയും സമീപിച്ച ശേഷം നിയമപോരാട്ടവുമായി സുപ്രീം കോടതിയിലേക്ക് നീങ്ങുമെന്നാണ് വാദിഭാഗത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ രുദ്ര വിക്രം സിംഗ് പ്രതികരിച്ചിരിക്കുന്നത്.

മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ ഭാര്യയുടെ ഓർമയ്ക്കായി നിർമിച്ച താജ്മഹൽ ശരിക്കും തേജോ മഹാലയ എന്ന ഒരു ശിവ ക്ഷേത്രമായിരുന്നുവെന്നാണ് ചില ചരിത്രകാരന്മാരും ഹൈന്ദവ സംഘടനകളും വാദിക്കുന്നത്. ഇക്കാര്യങ്ങളും ഹർജിയിൽ ഉദ്ധരിച്ചിരുന്നു.

Advertisement
Advertisement