മന്ത്രിയെ പൊലീസ് വഴിതെറ്റിച്ച സംഭവം: വകുപ്പുതല അന്വേഷണം ഉണ്ടാകും

Friday 13 May 2022 12:48 AM IST

മാവേലിക്കര: മന്ത്രി വീണാ ജോർജിനെ വഴിതെറ്റിച്ച് വേദി മാറ്റി എത്തിച്ച സംഭവത്തിൽ വകുപ്പ് തല അന്വേഷണം ഉണ്ടാകും. പൂരം ജന്മനക്ഷത്ര മഹോത്സവവുമായി ബന്ധപ്പെട്ട് മാവേലിക്കര കൊറ്റാർകാവ് ശുഭാനന്ദാശ്രമത്തിൽ പങ്കെടുക്കേണ്ട മന്ത്രിയെ ചെറുകോൽ ശുഭാനന്ദാശ്രമത്തിൽ എത്തിക്കുകയായിരുന്നു. പന്തളത്ത് നിന്ന് എത്തിയ മന്ത്രിക്ക് മാന്നാർ പൊലീസാണ് എസ്കോർട്ട് പോയത്. പുതിയകാവ് ജംഗ്ഷനിൽ എത്തിയപ്പോൾ ഇടത്തേക്ക് തിരിഞ്ഞ് കൊറ്റാർകാവ് ആശ്രമത്തിലേക്ക് കൊണ്ടുപോകേണ്ടതിന് പകരം വലത്തേക്ക് തിരിഞ്ഞ് ചെറുകോൽ ആശ്രമത്തിലേക്ക് പോകുകയായിരുന്നു. പൈലറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പറ്റിയ പിഴവ് കാരണമാണ് വഴിതെറ്റിയത്.

ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയും കൊടിക്കുന്നിൽ സുരേഷും വേദിയിൽ ഇരിക്കുമ്പോളാണ് ക്ഷണിക്കപ്പെടാതെ മന്ത്രി വീണാ ജോർജ് എത്തിയത്. വേദി മാറിയ കാര്യം മനസിലാക്കിയ മന്ത്രി തുടർന്ന് മടങ്ങി. മാവേലിക്കര സി.ഐ അടക്കമുള്ളവർക്ക് ഗോവ ഗവർണറുടെ ഡ്യൂട്ടി ആയിരുന്നതിനാൽ മാന്നാർ പൊലീസാണ് മന്ത്രിക്ക് എസ്കോർട്ട് ഒരുക്കിയത്. പൂരം ജന്മനക്ഷത്ര സമ്മേളനം രണ്ട് ആശ്രമങ്ങളിലും നടന്നിരുന്നതിനാൽ മാന്നാർ പൊലീസ് അവരുടെ സ്റ്റേഷൻ പരിധിയിലുള്ള ആശ്രമത്തിലേക്ക് മന്ത്രിയെ എത്തിക്കുകയാണ് സംഭവിച്ചത്.

Advertisement
Advertisement