ബാറുകൾ,​ തിയേറ്റർ,​ ജിംനേഷ്യം..... പഞ്ചനക്ഷത്ര സൗകര്യങ്ങളുമായി ലോകത്തെ ആദ്യ ബഹിരാകാശ ഹോട്ടൽ,​ സഞ്ചാരികളെ എത്തിക്കാൻ മസ്കിന്റെ സ്‌പേസ് എക്സും

Thursday 12 May 2022 11:12 PM IST

ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്കും ചന്ദ്രനിലും ചൊവ്വയിലും ചേക്കേറാനുള്ള ശ്രമത്തിലാണ് മനുഷ്യൻ. ബഹിരാകാശ ടൂറിസവും ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്. ഇതോടൊപ്പം ചേർത്തുവായിക്കാൻ മറ്റൊരു വാർത്തയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ലോകത്തെ ആദ്യത്തെ ബഹിരാകാശ ഹോട്ടൽ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കൻ കമ്പനിയായ ഓർബിറ്റൽ അസംബ്ലി കോർപ്പറേഷൻ. . വോയേജര്‍ ക്ലാസ് സ്‌പേസ് സ്റ്റേഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഭൂമിക്ക് പുറത്തെ ആദ്യ ഹോട്ടലിന് 400 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. 2027ൽ ഹോട്ടൽ തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. .

ബാറുകള്‍, സിനിമ ഹാളുകള്‍, ഭക്ഷണശാലകള്‍ തുടങ്ങി ജിംനേഷ്യം വരെയുള്ള സൗകര്യങ്ങളാണ് ഈ ബഹിരാകാശ ഹോട്ടലില്‍ ഒരുക്കിയിട്ടുള്ളത്.. 2023ല്‍ ഹോട്ടലിന്റെ നിർമ്മാണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി തങ്ങളുടെ സ്വപ്‌ന പദ്ധതിയുടെ ചെലവ് വ്യക്തമാക്കിയിട്ടില്ല.

ഭൂമിയെ ഓരോ 90 മിനിട്ടിലും ബഹിരാകാശ ഹോട്ടല്‍ വലം വെക്കും. ചന്ദ്രന്റെ ഉപരിതലത്തിലേതിന് സമാനമായ കൃത്രിമ ഗുരുത്വാകര്‍ഷണമായിരിക്കും ഈ ഹോട്ടലിലും സഞ്ചാരികള്‍ക്ക് അനുഭവിക്കാനാവുക. വൃത്താകൃതിയില്‍ ലോഹത്തിലാണ് നിര്‍മാണം.

പ്രത്യേകമായി ബഹിരാകാശ ഹോട്ടലിന് പുറത്തേക്ക് സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഭാഗങ്ങളില്‍ സഞ്ചാരികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ബഹിരാകാശ ഗവേഷണത്തിനുമുള്ള അവസരമുണ്ടാവും.

ബഹിരാകാശ ഹോട്ടലിന്റെ 24 ഭാഗങ്ങളാണ് അതിഥികള്‍ക്കായി നീക്കിവെക്കുക. ബാക്കിയുള്ള ഭാഗങ്ങള്‍ സര്‍ക്കാരുകള്‍ക്കോ സ്വകാര്യ കമ്പനികള്‍ക്കോ വാടകക്കോ സ്വന്തമായോ നല്‍കാനും പദ്ധതിയുണ്ട്. ഒരു ക്രൂസ് കപ്പലിലേതിന് സമാനമായ സൗകര്യങ്ങളാണ് സഞ്ചാരികള്‍ക്കായി ഹോട്ടലില്‍ ഒരുക്കുക. പ്രത്യേകം തീമുകള്‍ക്കനുസരിച്ചുള്ള റസ്റ്റാറന്റുകള്‍, ഹെല്‍ത്ത് സ്പാ, ലൈബ്രറി തുടങ്ങി കണ്‍സെര്‍ട്ട് വേദികള്‍ വരെ ഇവിടെയുണ്ടാകും.

സഞ്ചാരികളെ ഭൂമിയില്‍ നിന്നും ബഹിരാകാശ ഹോട്ടലിലേക്കും തിരിച്ചും എത്തിക്കാനുള്ള ചുമതല സ്‌പേസ് എക്‌സിനെയാണ് ഏല്‍പിച്ചിരിക്കുന്നത്.ബഹിരാകാശ ഹോട്ടല്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന ആദ്യ കമ്പനിയാണ് ഒ.എ.സി. ബഹിരാകാശഹോട്ടലില്‍ താമസിക്കാന്‍ എത്തുന്ന അതിഥികള്‍ക്ക് 15 ആഴ്ച പ്രത്യേക പരിശീലനം നിര്‍ബന്ധമാണ്. ഇതിനുശേഷം പത്ത് ദിവസം ബഹിരാകാശ ജീവിതം ഭൂമിയില്‍ കൃത്രിമമായി അനുഭവിച്ച ശേഷമാകും സഞ്ചാരികള്‍ യാത്ര തിരിക്കുക.