കെ.വി. തോമസ് കോൺഗ്രസിന് പുറത്ത്, തീരുമാനം എ.ഐ.സി.സിയുടെ അനുമതിയോടെയെന്ന് കെ സുധാകരൻ

Friday 13 May 2022 12:34 AM IST

തിരുവനന്തപുരം: തൃക്കാക്കര മണ്ഡലത്തിലെ ഇടതുസ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത മുതിർന്ന നേതാവ് പ്രൊഫ.കെ.വി. തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനായി രാജസ്ഥാനിലെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് പുറത്താക്കൽ തീരുമാനം മാദ്ധ്യമങ്ങളെ അറിയിച്ചത്. എ.ഐ.സി.സിയുടെ അനുമതിയോടെയാണ് തീരുമാനമെന്നും ഇക്കാര്യം കെ.വി. തോമസിനെ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.എമ്മിന്റെ കണ്ണൂർ പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് നടന്ന സെമിനാറിൽ എ.ഐ.സി.സിയുടെ വിലക്ക് ലംഘിച്ച് പങ്കെടുത്ത തോമസിനെ നേരത്തേ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട പദവികളിൽ നിന്നെല്ലാം നീക്കിയിരുന്നു. എ.കെ. ആന്റണി അദ്ധ്യക്ഷനായുള്ള അച്ചടക്കസമിതിയുടെ ശുപാർശ കണക്കിലെടുത്തായിരുന്നു ആ തീരുമാനം. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിൽ നിന്നടക്കം ഒഴിവാക്കപ്പെട്ട തോമസ്, തുടർന്നിങ്ങോട്ട് പാർട്ടിയിൽ നിന്ന് തീർത്തും അകന്ന നിലയിലായിരുന്നു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ വികസനത്തിനൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചിരുന്നു. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിലൂടെ തോമസ് പ്രഖ്യാപിച്ചതോടെ കോൺഗ്രസിൽ നിന്ന് പുറത്തേക്കുള്ള വഴി തെളിഞ്ഞിരുന്നു. ഇന്നലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ തോമസിന് വൻസ്വീകരണമാണ് ഇടതുമുന്നണി നൽകിയത്. തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചാൽ സംസ്ഥാന നേതൃത്വത്തിന് തന്നെ നടപടിയെടുക്കാമെന്ന വ്യവസ്ഥപ്രകാരമാണ് കെ.പി.സി.സി നടപടി സ്വീകരിച്ചത്.

'കോൺഗ്രസിൽ നിന്നുകൊണ്ട് ഇടതുപക്ഷത്തിനായി പ്രവർത്തിക്കുന്ന തോമസിനെ വച്ചുകൊണ്ട് മുന്നോട്ട് പോകാനാവില്ല. തോമസ് പോയതുകൊണ്ട് തൃക്കാക്കരയിൽ കോൺഗ്രസിന് ഒന്നും സംഭവിക്കില്ല".

- കെ. സുധാകരൻ, കെ.പി.സി.സി പ്രസിഡന്റ്

Advertisement
Advertisement