നാറ്റോയിലേക്കെന്ന് ഫിൻലൻഡ്, കണ്ണുരുട്ടി റഷ്യ

Friday 13 May 2022 3:40 AM IST

മോസ്കോ : ദശാബ്ദങ്ങൾ നീണ്ട സൈനിക നിഷ്പക്ഷ നയം ഉപേക്ഷിച്ച് നാറ്റോ സഖ്യത്തിന്റെ ഭാഗമാകാനുള്ള അപേക്ഷാ നടപടികൾ ആരംഭിക്കാൻ ഇനി ഒരു പടി മാത്രം അകലെയെന്ന് ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരീനും പ്രസിഡന്റ് സോലി നിനിസ്റ്റോയും വ്യക്തമാക്കി. പിന്നാലെ മുന്നറിയിപ്പുമായി റഷ്യയും രംഗത്ത്.

നാറ്റോ അംഗത്വം ഫിൻലൻഡിന്റെ സുരക്ഷയെ ശക്തിപ്പെടുത്തുമെന്നും വൈകാതെ ഫിൻലൻഡ് നാറ്റോ അംഗത്വത്തിന് അപേക്ഷിക്കണമെന്നും മരീനും നിനിസ്റ്റോയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇതിനായി രാജ്യത്തിനകത്ത് കൈക്കൊള്ളേണ്ട നടപടികൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്നും ഇരുവരും വ്യക്തമാക്കുന്നു. നാറ്റോയിൽ ചേരുന്നത് വിവരിക്കുന്നത് ഉൾപ്പെടെയുള്ള ദേശീയ സുരക്ഷാ സംബദ്ധമായ റിപ്പോർട്ട് ഫിന്നിഷ് പാർലമെന്റിൽ കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു.

അതേ സമയം, നാറ്റോയുടെ ഭാഗമാകാനുള്ള ഫിൻലൻഡിന്റെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ രംഗത്തെത്തി. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിൽ ചേരാനുള്ള അയൽരാജ്യത്തിന്റെ തീരുമാനം തീർച്ചയായും തങ്ങൾക്ക് ഭീഷണി ഉയർത്തുന്നതായി ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ് പ്രതികരിച്ചു.

നാറ്റോയുടെ വികാസവും തങ്ങളുടെ അതിർത്തികളിലേക്കുള്ള സഖ്യത്തിന്റെ സമീപനവും തങ്ങളുടെ ഭൂഖണ്ഡത്തെയും ലോകത്തെയും കൂടുതൽ സുസ്ഥിരവും സുരക്ഷിതവുമാക്കുന്നില്ലെന്നും പെസ്കോവ് പ്രതികരിച്ചു. നാറ്റോ അതിന്റെ അടിസ്ഥാന സൗകര്യങ്ങൾ റഷ്യൻ അതിർത്തിയോട് അടുപ്പിക്കുന്നതിന് എന്തൊക്കെ പ്രത്യേക നടപടികൾ സ്വീകരിക്കും എന്നതിനെ ആശ്രയിച്ചാകും റഷ്യയുടെ പ്രതികരണമെന്ന് പെസ്കോവ് വ്യക്തമാക്കി.

റഷ്യൻ അതിർത്തികളോട് ചേർന്ന് നാറ്റോയുടെ വ്യാപനത്തിന് മറുപടിയായി പടിഞ്ഞാറൻ ഭാഗത്ത് രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇതിനോടകം തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫിൻലൻഡിന്റെ നാറ്റോ അംഗത്വം ' ഭീഷണി"യാണെന്ന് റഷ്യ ഊന്നിപ്പറയുന്നു.

റഷ്യയുമായി 1,300 കിലോമീറ്റർ അതിർത്തിയാണ് ഫിൻലൻഡിനുള്ളത്. യുക്രെയിനിലെ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ റഷ്യയെ ഭയന്ന് ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരാനുള്ള ആലോചനകൾ ശക്തമാക്കിയിരുന്നു. ഫിൻലൻഡിന് പിന്നാലെ നാറ്റോയിൽ ചേരുന്ന കാര്യത്തിൽ സ്വീഡനും അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കും.

Advertisement
Advertisement