'ആരോഗ്യ മന്ത്രി വിളിച്ചാൽ ഫോൺ എടുക്കാറില്ല, യുഡിഎഫ് ഭരണകാലത്ത് പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ല'; രൂക്ഷവിമർശനവുമായി ചിറ്റയം ഗോപകുമാർ

Friday 13 May 2022 8:11 AM IST

അടൂർ: പത്തനംതിട്ട ജില്ലയുടെ ചുമതലയുള‌ള ആരോഗ്യമന്ത്രി വീണാ ജോർജ് എംഎൽ‌എമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയമാണെന്ന് ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് നഗരസഭ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ല.

അദ്ധ്യക്ഷത വഹിക്കേണ്ട പരിപാടിയെ കുറിച്ച് അറിയിക്കുന്നത് തലേന്ന് രാത്രിയിലാണ്. അതുകൊണ്ടാണ് സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായ 'എന്റെ കേരളം' പ്രദർശനമേള ഉദ്ഘാടനത്തിൽ പങ്കെടുക്കാത്തതെന്നും ചിറ്റയം വ്യക്തമാക്കി. തന്റെ ചിത്രം സർക്കാർ പരിപാടിയുടെ ഫ്ളെക്‌സിലും നോട്ടീസിലുമുണ്ടെങ്കിലും ഔദ്യോഗികമായി അറിയിച്ചിരുന്നില്ലെന്ന പരിഭവമാണ് ഡെപ്യൂട്ടി സ്‌പീക്കർ അറിയിച്ചത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത്പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

അടൂർ മണ്ഡലത്തിലെ പരിപാടികൾ ആരോഗ്യമന്ത്രി അറിയിക്കാറില്ല. ഔദ്യോഗിക ആവശ്യങ്ങൾക്ക് പലവട്ടം ഫോൺ വിളിച്ചാലും ഫോണെടുക്കാറില്ല. വികസന പദ്ധതികളിലും അകൽച്ചയുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ് ഡെപ്യൂട്ടി സ്‌പീക്കർ.

പത്തനംതിട്ട ജില്ലയിലെ ജനപ്രതിനിധികളിൽ ഏറ്റവും മുതിർന്നയാളായ ചിറ്റയത്തെ നിരന്തരം അവഗണിക്കുന്നതിൽ സിപിഐയിലും എതിർപ്പുണ്ട്. ജില്ലയിലെ സിപിഐ-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായ സാഹചര്യം വരെയുണ്ടായിട്ടുണ്ട്. ഇതിനിടെയാണ് മുതിർന്ന നേതാക്കൾ തമ്മിൽ ആശയവിനിമയത്തിലെ വീഴ്‌ചയും ഉണ്ടായിരിക്കുന്നത്.