'പുഴു' ശരീരത്തിൽ ഇഴയുന്ന അനുഭവം നൽകുന്ന ചിത്രം; ജാതിരാഷ്ട്രീയവും മമ്മൂട്ടിയെന്ന നടന്റെ അതിശയിപ്പിക്കുന്ന പ്രകടനവും, റിവ്യൂ

Friday 13 May 2022 11:34 AM IST

മമ്മൂട്ടിയെന്ന നടൻ നിറഞ്ഞാടിയ സിനിമ, അതാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുഴു. ഭീഷ്മപർവത്തിനും സിബിഐ 5യ്ക്കും ശേഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രത്തിന്റെ പ്രത്യേകതകൾ ഏറെയാണ്. ഡയറക്‌ട് ഒടിടി റിലീസിനെത്തുന്ന ആദ്യ മമ്മൂട്ടി ചിത്രം, ഒരു സംവിധായികയ്ക്ക് കീഴിൽ മമ്മൂക്ക അഭിനയിക്കുന്ന ആദ്യ സിനിമ, മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നിങ്ങനെ പ്രത്യേകതകൾ ഏറെ. ഇവയ്ക്ക് പുറമേ ആക്ഷൻ സീക്വൻസുകളോ മാസ് ഡയലോഗുകളോ ഇല്ലാതെ മമ്മൂട്ടിയെന്ന നടന്റെ പച്ചയായ അഭിനയം പ്രേക്ഷകരിലേക്ക് എത്തിയ സിനിമകളിലൊന്ന് കൂടിയാണ് പുഴു. കസബയ്ക്കുള്ള മറുപടിയാണ് പുഴുവെന്ന് പാർവതി തിരുവോത്ത് പറഞ്ഞിരുന്നു. സങ്കീർണമായ വികാരവിക്ഷോഭങ്ങൾ പ്രേക്ഷകരിലേക്ക് അതേപ്പടി എത്തിക്കാൻ മമ്മൂട്ടിക്കായി എന്നതാണ് ഈ ചിത്രത്തിന്റെ കാതൽ. പുഴു എന്ന സിനിമ മുന്നോട്ട് വയ്ക്കുന്ന സന്ദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പതിഞ്ഞ താളത്തിൽ പോകുന്ന ചിത്രത്തിന്റെ ഉള്ളടക്കത്തിലേക്ക് എത്തിച്ചേരാൻ പ്രേക്ഷകർക്ക് കുറച്ച് സമയമെടുക്കും എന്നത് പുഴുവിന്റെ പോരായ്മയായോ പ്രത്യേകതയായോ കണക്കാക്കാം. വളരെ പതുക്കെയാണ് സിനിമയുടെ ഉള്ള് പ്രകടമാകുന്നത്. വളരെ സങ്കീർണതകൾ നിറഞ്ഞ ചിത്രമെന്ന് തന്നെ പറയാം. ആധുനിക സിനിമയിൽ നടത്തുന്ന പരീക്ഷണങ്ങൾ പുഴുവിലും കാണാം. ഉച്ചത്തിലുള്ള സംഗീതമോ ശബ്ദകോലാഹലങ്ങളോ ഒന്നും ഇല്ലാതെ തന്നെ കഥ പറയുന്ന രീതിയാണ് സംവിധായിക ചിത്രത്തിൽ അവലംബിച്ചിരിക്കുന്നത്. മനുഷ്യ മനസുകൾ നേരിടുന്ന വെല്ലുവിളിയും വീർപ്പുമുട്ടലുകളും പ്രേക്ഷകർക്ക് അന്യമായി തോന്നില്ല.

കുട്ടനെന്ന് വിളിപ്പേരുള്ള ഒരു റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി പുഴുവിൽ എത്തുന്നത്. ജീവിതത്തിൽ നേരിടേണ്ടി വന്ന തിക്താനുഭവങ്ങൾ കൊണ്ട് അയാളിലെ മനുഷ്യന് ചുറ്റുമുള്ളവരോട് മുഴുവൻ പകയുള്ളതായി തോന്നാം. സ്കൂൾ വിദ്യാർത്ഥിയായ മകനുമൊത്താണ് കുട്ടന്റെ ജീവിതം. തുടക്കത്തിൽ സാധാരണമായി തോന്നാമെങ്കിലും പോകെപ്പോകെ അയാളുടെയും മകന്റെയും ജീവിതം അസാധാരണമാണെന്ന് പിടികിട്ടും. ഒറ്റപ്പെടലിന്റെയും അരക്ഷിതാവസ്ഥയെയും ഭയത്തിന്റെയും കെട്ടുപാടുകളിൽ പിണഞ്ഞുകിടക്കുകയാണ് കുട്ടന്റെ ജീവിതം. ഇതിന്റെ പ്രഭാവം അയാളുടെ മകനിലും പ്രകടമാവുന്നു. ടോക്‌സിക് പാരന്റിംഗിന്റെ മറ്റൊരു വശവും ചിലപ്പോഴൊക്കെ അയാളിൽ കാണാൻ സാധിക്കും. പിതാവിനെ വെറുക്കാനോ എന്നാൽ ഉൾക്കൊള്ളാനോ സാധിക്കാതെ ജീവിക്കേണ്ടി വരുന്ന മകനായി കിച്ചു എന്ന കഥാപാത്രത്തെ വാസുദേവ് സജീഷ് മികച്ചതാക്കി.

തന്റെ തീരുമാനങ്ങളിൽ ഉറച്ച് നിൽക്കുന്ന ശക്തയായ സ്ത്രീകഥാപാത്രമായാണ് പാർവതി തിരുവോത്ത് ചിത്രത്തിൽ എത്തുന്നത്. താൻ തിരഞ്ഞെടുത്ത ശക്തമായ തീരുമാനത്തിന്റെ പേരിൽ സ്വന്തം വീട്ടുകാരിൽ നിന്നും അകൽച്ച അനുഭവിക്കുന്ന കഥാപാത്രം മമ്മൂട്ടിയുടെ ഇളയ സഹോദരിയാണ്. ചിത്രത്തിലുടനീളം എത്തുന്നില്ലെങ്കിലും തന്റെ കഥാപാത്രത്തെ മികച്ചതാക്കാൻ പാർവതിയ്ക്ക് സാധിച്ചു. പാർവതിയുടെ ഭർത്താവായി എത്തിയ അപ്പുണ്ണി ശശിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വ്യക്തമായ ഡയലോഗുകളും കഥാപാത്രത്തിന് അനുയോജ്യമായ മാനറിസവും പകർന്ന് നൽകാൻ അപ്പുണ്ണിയ്ക്ക് സാധിച്ചു . ചെറിയ വേഷങ്ങളിൽ എത്തുന്ന ഇന്ദ്രൻസും കുഞ്ചനും നെടുമുണി വേണുവും തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങൾ എപ്പോഴത്തെയും പോലെ ഭംഗിയാക്കി.

പുഴു എന്ന ചിത്രത്തിന് എല്ലാവരുടെയും ഉള്ളിലേക്ക് അതേപ്പടി കടക്കാൻ ചിലപ്പോൾ സാധിച്ചെന്ന് വരില്ല. നല്ല രണ്ട് ഫൈറ്റ് സീനുകൾ കാണാമെന്ന് പ്രതീക്ഷിച്ചെത്തുന്നവർക്ക് നിരാശയാകും ഫലം. മറിച്ച് മമ്മൂട്ടിയെന്ന നടന്റെ ഗംഭീര പ്രകടനം അതിശയിപ്പിക്കുമെന്നത് തീർച്ചയാണ്. ആക്ഷനും മാസ് ഡയലോഗുകളും പ്രതീക്ഷിച്ച് അങ്ങോട്ട് പോകേണ്ടതില്ല. മനുഷ്യനെ പച്ചയായി തന്നെ അവതരിപ്പിക്കുകയാണ് ചിത്രത്തിൽ. പുഴുവിലെ ഓരോ ഫ്രേമുകൾക്കും ചിത്രത്തിന്റെ കഥാപാത്രങ്ങളോളം തന്നെ പ്രാധാന്യമുണ്ട് . ചിത്രത്തിന്റെ മൂ‌ഡ് എന്താണോ അതിന് നീതി പലർത്താൻ തേനി ഈശ്വറിന്റെ ഛായാഗ്രഹണത്തിന് സാധിച്ചു. ഒരു പുതുമുഖ സംവിധായികയുടെ അങ്കലാപ്പ് കൂടാതെ തന്നെ കഥാസന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും നയിച്ചുകൊണ്ട് പോകാൻ സംവിധായകയായ റത്തീനയ്ക്കും കഴിഞ്ഞു.

പുഴുവിന്റെ ഹൃദയഭാഗം അവസാനമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഒഴുക്ക്. തുടക്കത്തിൽ സംശയങ്ങളും ചോദ്യങ്ങളും പ്രേക്ഷകരിൽ നിറച്ച് അവസാനം വരെ പിടിച്ചിരുത്താൻ തിരക്കഥാകൃത്തുക്കളായ ഹർഷദ്, ഷർഫു, സുഹാസ് എന്നിവർക്ക് സാധിച്ചിട്ടുണ്ട്. ചിത്രം പറഞ്ഞുവയ്ക്കുന്ന പ്രമേയവും ശക്തമാണ്. ഇന്നും മനുഷ്യമനസുകളിൽ വെറിപൂണ്ടു നിൽക്കുന്ന ജാതിയെന്ന വില്ലൻ പുഴുവിലും കടന്നു വരുന്നുണ്ട്. എത്രത്തോളം പുരോഗമനം സംഭവിച്ചാലും ജാതി ചിന്തകൾ മനുഷ്യനിൽ നിന്നും അടുത്തെങ്ങും വിട്ടുപോകില്ലെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു. അതുതന്നെയാണ് പുഴുവിന്റെ രാഷ്ട്രീയവും. തുടക്കത്തിൽ പ്രേക്ഷകർക്ക് തോന്നിയ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ചിത്രത്തിന്റെ അവസാനം ലഭിക്കുമെന്നതിനാൽ പുഴു വേറിട്ട ഒരനുഭവം തന്നെയാകും കാഴ്ച്ചക്കാരിൽ എത്തിക്കുക.