എന്റെ മോളെ അവൻ കൊന്നതാണ്, അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല; സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നുവെന്ന് ഷഹനയുടെ ഉമ്മ

Friday 13 May 2022 1:24 PM IST

കോഴിക്കോട്: മോഡലും നടിയുമായ ഷഹനയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് പെൺകുട്ടിയുടെ ഉമ്മ ഉമൈബ. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വിവാഹം കഴിഞ്ഞ നാൾ മുതൽ സജാദും ബന്ധുക്കളും മകളെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

കൂടുതൽ സ്ത്രീധനം വേണമെന്നായിരുന്നു സജാദിന്റെ ആവശ്യം. പരസ്യത്തിലഭിനയിച്ചതിന് പ്രതിഫലമായി കിട്ടിയ ചെക്ക് ആവശ്യപ്പെട്ടും മർദ്ദനം പതിവായിരുന്നു. ഫോൺ വിളിച്ച് സജാദ് നിരന്തരം ഉപദ്രവിച്ചിരുന്ന കാര്യം പറയും. ഒന്നര വർഷമായി മകളെ കാണാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ സജാദ് അനുവദിക്കുന്നുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.

അതേസമയം ഷഹാനയും സജാദും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസും വ്യക്തമാക്കി. പരാതി കിട്ടി പൊലീസ് എത്തിയപ്പോഴേക്കും കണ്ടത് പെൺകുട്ടി ബോധരഹിതയായി ഭർത്താവിന്റെ മടിയിൽ കിടക്കുന്നതാണ്.

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു പെൺകുട്ടിയെ നാട്ടുകാർ കണ്ടത്. ഒന്നര വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. കാസർകോട് ചെറുവത്തൂർ സ്വദേശിയായ ഷഹാന ചില ജുവലറി പരസ്യങ്ങളിലും തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങളിലും അഭിനിയിച്ചിട്ടുണ്ട്.