തമ്മിലടിച്ച് ജോമോളും ജോമോനും; ഒരു ഫൺ ഫാമിലി റെെഡായി ജോ ആന്റ് ജോ, റിവ്യൂ

Friday 13 May 2022 2:01 PM IST

ജോമോളും ജോമോനും തമ്മിലുള്ള കലഹത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ജോ ആന്റ് ജോ. ജോമോനായി മാത്യൂ തോമസും ചേച്ചിയായ ജോമോളായി നിഖില വിമലും ചിത്രത്തിലെത്തുന്നു. വലിയ താരനിരയില്ലാതെ എത്തി സൂപ്പർഹിറ്റായി മാറിയ തണ്ണീ‌ർ മത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയരായ നസ്ലീൻ ഗഫൂറും മാത്യൂ തോമസും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഒരു കുടുംബത്തിലെ സഹോദരങ്ങൾ തമ്മിലുള്ള കഥ പറഞ്ഞു പോകുന്ന ചിത്രം കൗമാരക്കാരുടെ ചിന്തകളിലൂടെയും അവരുടെ വാശികളിലൂടെയുമൊക്കെയാണ് സഞ്ചരിക്കുന്നത്. അരുൺ ഡി ജോസിന്റെ സംവിധാനത്തിലെത്തിയ ജോ ആന്റ് ജോ കൊറോണക്കാലത്തെ ജീവിതത്തെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

ചെറിയ പിണക്കങ്ങളും കൂസൃതികളുമൊക്കെയായി കഴിയുന്ന സഹോദരങ്ങളാണ് ജോമോനും ജോമോളും. ഇവരുടെ ഇടയിലേയ്ക്ക് കയറിക്കൂടുന്ന ചില പ്രശ്നങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചിരിപ്പിച്ച് ലാഗ് ഒന്നും കൂടാതെ ആദ്യ പകുതിയ്ക്ക് ശേഷം ചിത്രത്തിന്റെ ഒഴുക്ക് നഷ്ടമാകുന്നുണ്ട്. എന്നാൽ ക്ലെെമാക്സിനോടടുത്ത് വീണ്ടും പ്രേക്ഷകരെ ചിരിപ്പിക്കാൻ ചിത്രത്തിനായിട്ടുണ്ട്.

ജോമോമോന്റെ കൂട്ടുകാരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച നസ്ലീനും മെൽവിൻ ബാബുവും തങ്ങളുടെ ഭാഗം ഭംഗിയാക്കി. നസ്ലീൻ അവതരിപ്പിച്ച മനോജ് സുന്ദരനായിരുന്നു ചിത്രത്തിൽ മറ്റാരെക്കാളും കൂടുതൽ കെെയടികൾ നേടിയത്.

ജോമോളായി എത്തിയ നിഖില വിമൽ ചിത്രത്തിലുടനീളം മികച്ച പ്രകടനം നടത്തി. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളും നേരത്തെ ശ്രദ്ധ നേടിയിരുന്നു. ട്രെയിലർ നൽകുന്ന മൂഡ് തന്നെയാണ് ചിത്രത്തിനും.

ജോമോളുടെയും ജോമോന്റെയും അച്ഛനും അമ്മയുമായെത്തുന്ന ജോണി ആന്റണി, സ്‌മിനു സിജോ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ തന്മയത്വത്തോടെ കെെകാര്യം ചെയ്തു. ഇമാജിന്‍ സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം ഹാരിസ് ദേശം, ആദർശ് നാരായൺ, പിബി അനീഷ്, അനുമോദ് ബോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിൻറെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സംവിധായകൻ അരുൺ ഡി ജോസ് തന്നെയാണ്. അരുണും രവീഷ് നാഥും ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചത്. അൻസർ ഷായാണ് ഛായാഗ്രഹണം. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങൾ കഥയ്ക്കനുയോജ്യമായ രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതം വളരെ മികച്ച് നിന്നു. ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലെത്തിക്കുന്നതിൽ പശ്ചാത്തല സംഗീതം വിജയിച്ചിട്ടുണ്ട്.

ആദ്യാവസാനം മുഴുനീള കോമഡികൾ മാത്രം പ്രതീക്ഷിച്ച് ചിത്രത്തെ സമീപിക്കാനാകില്ല. എങ്കിലും പ്രേക്ഷകന് പിരുമുറുക്കങ്ങളില്ലാതെ രസിച്ചിരുന്ന കാണാൻ പറ്റുന്ന ഒരു ഫൺ ഫാമിലി എന്റെർടെയിനറാണ് ഈ കൊച്ചു ചിത്രം.

Advertisement
Advertisement