സർക്കാർ എട്ടു രൂപ തരും, ഉച്ചഭക്ഷണം ജോറാക്കണം!.

Saturday 14 May 2022 12:00 AM IST

കോട്ടയം: ഈ അദ്ധ്യയനവർഷവും സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ ഒരു ദിവസത്തേയ്ക്ക് അനുവദിച്ചിട്ടുള്ള സർക്കാർ ഫണ്ട് എട്ടു രൂപ മാത്രം. ആറ് വർഷം മുമ്പ് നിശ്ചയിച്ചതാണീ തുക.

മാത്രമല്ല, കുട്ടികളുടെ എണ്ണം കൂടിയാൽ ചെലവ് കുറയുമെന്നാണ് സർക്കാരിന്റെ സാമ്പത്തിക സിദ്ധാന്തം. ഇതനുസരിച്ച് 150 കുട്ടികൾ വരെയുള്ള സ്കൂളിനാണ് എട്ടു രൂപ. കുട്ടികളുടെ എണ്ണം 300 ആയി ഉയർന്നാൽ ഏഴ് രൂപയായും, അഞ്ഞൂറായാൽ ആറ് രൂപയായും കുറയും. ആഴ്ചയിൽ രണ്ടു ദിവസം ഒരു ഗ്ലാസ് പാലും ഒരു ദിവസം മുട്ടയും നൽകണം. ഒരു കോഴിമുട്ടയ്ക്ക് ആറ് രൂപയാണ്. ഒരു ഗ്ളാസ് പാലിന് 12 രൂപയും. പാൽ കാച്ചാനും മുട്ട പുഴുങ്ങാനും മറ്റുമുള്ള ഇന്ധനചെലവ് വേറേ.

പണ്ട് സപ്ലൈക്കോ നൽകിയിരുന്ന അരിയും പയറും ഉപയോഗിച്ച് ഉച്ചക്കഞ്ഞിയായിരുന്നു നൽകിയിരുന്നത്. കഞ്ഞി നാണക്കേടായി തോന്നിയാണ് ചോറും സാമ്പാറും തോരനും അച്ചാറുംമറ്റുമുള്ള മെനു ഉത്തരവായത്. പലവ്യഞ്ജനം, പച്ചക്കറി വില കുതിച്ചുയർന്നു നിൽക്കുകയാണ്. പാചക ഗ്യാസ് വില 1000 കടന്നു . ആളൊന്നുക്ക് എട്ടു രൂപ കൊണ്ട് എങ്ങനെ ഈ മെനു പ്രകാരം ഉച്ചഭക്ഷണം കൊടുക്കുമെന്ന ചോദ്യത്തിന് അതൊന്നും തങ്ങൾക്ക് അറിയേണ്ട, വിഭവ സമുദ്ധമായിരിക്കണം എന്നാണ് സർക്കാർ നിർദ്ദശം.

അദ്ധ്യയന നിലവാരം മെച്ചപ്പെടുത്തുന്ന ജോലിക്കുപുറമേയാണ് ഹെഡ്മാസ്റ്റർമാർക്ക് ഉച്ചഭക്ഷണ വിതരണ ചുമതലയും. കൈയിൽ നിന്ന് കാശെടുത്തും പി.ടി.ഐയെ ഉപയോഗിച്ച് പിരിച്ചുമാണ് ഉച്ചഭക്ഷണം നൽകുന്നത്. സർക്കാർ നൽകുന്ന നക്കാപ്പിച്ച ഫണ്ടിന് പുറമേ ഒരു മാസം കുറഞ്ഞത് 15000 രൂപ കൈയിൽ നിന്ന് ഇറക്കേണ്ടി വരുമെന്നാണ് അദ്ധ്യാപകർ പരാതിപ്പെടുന്നത്.

സർക്കാർ ഫണ്ട്.

150 കുട്ടികൾ വരെ 8 രൂപ.

300 ആയാൽ 7 രൂപ.

500 ആയാൽ ആറ് രൂപ.

കേരള പ്രൈവറ്റ് സ്കൂൾ ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബഷീർ കുരുണിയൻ പറയുന്നു.

'വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിന് അദ്ധ്യാപകർ ഇരന്നുനടക്കേണ്ട സ്ഥിതിയാണ്. ഒരു കുട്ടിക്ക് എട്ടു രൂപക്കുപകരം ഇരുപതു രൂപയെങ്കിലുമായി ഉയർത്തണം. അല്ലെങ്കിൽ ഉച്ച ഭക്ഷണ വിതരണ ചുമതലയിൽ നിന്ന് ഹെഡ്മാസ്റ്റർമാരെ ഒഴിവാക്കണം.'

Advertisement
Advertisement