അദ്ധ്യാപകനായിരിക്കെ അറുപതോളം വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചു; കെ വി ശശികുമാർ കസ്റ്റഡിയിൽ
മലപ്പുറം: അദ്ധ്യാപകനായിരിക്കെ അറുപതോളം വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയിൽ മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലർ കെ വി ശശികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂർവവിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി. ഒളിവിൽ പോയ ശശികുമാറിനെ കനത്ത പ്രതിഷേധത്തിനൊടുവിലാണ് പിടികൂടിയത്.
അദ്ധ്യാപകനായി ജോലി ചെയ്യുന്ന സമയത്ത് ശശികുമാർ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സ്കൂളിൽ നിന്നും വിരമിച്ചതിന് പിന്നാലെ അദ്ധ്യാപകജീവിതവുമായി ബന്ധപ്പെട്ട് ഇയാൾ ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയിരുന്നു.
ഇതിന് താഴെയാണ് ആദ്യത്തെ ആരോപണം ഉയരുന്നത്. പരാതിയും ആരോപണവും ഉയർന്ന സമയത്ത് ശശികുമാർ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നതായും പറയുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് ശശികുമാര്‍ സ്കൂളില്‍ നിന്ന് വിരമിച്ചത്. ആരോപണങ്ങൾക്ക് പിന്നാലെ ഇയാൾ നഗരസഭാ അംഗത്വം രാജിവച്ചിരുന്നു. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയിൽ നിന്നും ഇയാളെ സസ്‌പെൻഡ് ചെയ്തു.
അറുപതോളം വിദ്യാർത്ഥിനികളെ പല കാലങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്‌മ പറയുന്നത്. 2019ൽ സ്കൂൾ അധികൃതരോട് വിദ്യാർത്ഥിനികൾ പരാതിപ്പെട്ടെങ്കിലും വേണ്ട നടപടികൾ അദ്ധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്, വനിതാ ലീഗ്, യൂത്ത് കോൺഗ്രസ് എന്നിവർ മാർച്ച് നടത്തിയിരുന്നു.