ഭീകരർ പൊലീസ് ഓഫീസറെ വീട്ടിൽ കയറി വെടിവച്ച് കൊന്നു

Saturday 14 May 2022 12:22 AM IST

ശ്രീനഗർ: ജമ്മുകാശ്‌മീരിലെ പുൽവാമയിൽ ഗുഡൂരഗ്രാമത്തിലെ സ്വവസതിയിലുണ്ടായ ഭീകരാക്രമണത്തിൽ വെടിയേറ്റ സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥൻ റിയാസ് അഹമ്മദ് തോക്കർ ചികിത്സയിലിരിക്കെ വീരമൃത്യു വരിച്ചു.

ഇന്നലെ രാവിലെ റിയാസിന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ ഭീകരർ അദ്ദേഹത്തിന് നേർക്ക് വെടിവച്ചശേഷം രക്ഷപെടുകയായിരുന്നു. ഉടൻ അദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭീകരർക്കായി സുരക്ഷാസേന അന്വേഷണം ശക്തമാക്കി.

വ്യാഴാഴ്ച ബുദ്ഗാംജില്ലയിലെ ചാദൂര തഹസിൽദാർ ഓഫീസിൽ കയറി റവന്യൂ വകുപ്പ് ജീവനക്കാരനായിരുന്ന രാഹുൽ ഭട്ടിനെ (36) ഭീകരർ വെടിവച്ച് കൊന്നതിന് തൊട്ടുപിന്നാലെയാണിത്. അക്രമത്തിന്റെ ഉത്തരവാദിത്വം കാശ്‌മീർ ടൈഗേഴ്സ് എന്ന ഭീകര സംഘടന ഏറ്റെടുത്തിരുന്നു.

തിരിച്ചടിച്ച് സേന, 3 ഭീകരരെ വധിച്ചു

അതേസമയം ഇന്നലെ രാത്രി ബന്ദിപോരയിലെ ബ്രാർ അരംഗം പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ രാഹുൽ ഭട്ടിന്റെ കൊലപാതകികൾ അടക്കം മൂന്നു ഭീകരരെ സൈന്യം വധിച്ചു. ബുധനാഴ്ച ബന്ദിപോരയിലെ സലിന്ദർ വന മേഖലയിൽ ഏറ്റുമുട്ടലിൽ സൈനികർ ഒരു ഭീകരനെ കൊലപ്പെടുത്തിയിരുന്നു. കൂട്ടാളികളായ രണ്ടുപേർ രക്ഷപ്പെട്ടു. അവരെയും വധിച്ചു.

പ്രതിഷേധം

ഭീകരാക്രമണത്തിൽ രാഹുൽ വധിക്കപ്പെട്ടതിന് പിന്നാലെ കാശ്മീരി പണ്ഡിറ്റുകൾക്ക് സുരക്ഷ ആവശ്യപ്പെട്ട് കാശ്‌മീരിൽ ഇന്നലെ വ്യാപക പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇക്കൊല്ലം ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ കാശ്മീരി പണ്ഡിറ്റാണ് രാഹുൽ. ശ്രീനഗർ വിമാനത്താവളത്തിന് മുന്നിലെ പ്രതിഷേധപ്രകടനം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ലാത്തി വീശിയാണ് സമരക്കാരെ പിരിച്ചുവിട്ടത്. പലയിടത്തും സമരക്കാർ റോഡുകൾ ഉപരോധിച്ചു. ബി.ജെ.പിക്കും കേന്ദ്രസർക്കാരിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴങ്ങി.

Advertisement
Advertisement