പടിഞ്ഞാറൻ ഡൽഹിയിൽ മൂന്ന് നിലക്കെട്ടിടം അഗ്നിക്കിരയായി; 26 പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പൊള്ളലേറ്റു; മരണ സംഖ്യ ഇനിയും ഉയരാൻ സാദ്ധ്യത

Friday 13 May 2022 10:50 PM IST

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ മൂന്ന് നില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 20 പേർക്ക് ദാരുണാന്ത്യം. മുപ്പതോളം പേർക്ക് പൊള്ളലേറ്റു.

തീ പിടിച്ച ഒരു നിലയിൽ ഇത് വരെ തിരച്ചിൽ നടത്താനായിട്ടില്ല. അതിനാൽ മരണസംഖ്യ ഇനിയും കൂടാനാണ് സാദ്ധ്യത. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിൽ വൈകീട്ട് 4.45 ഓടെയാണ് തീ പിടിച്ചത്. ഇവിടെ നിന്ന് ഇതുവരെ 70 ഓളം പേരെ രക്ഷപ്പെടുത്താൻ സാധിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.

തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഒമ്പത് അഗ്നിശമന സേനാ യൂണിറ്റുകളാണ് സ്ഥലത്തുള്ളത്.

സിസിടിവി ക്യാമറകളും റൂട്ടറുകളും നിർമിക്കുന്ന ഒരു കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. കമ്പനി ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കെട്ടിടം മുഴുവനായി അഗ്നിക്കിരയായിട്ടുണ്ടെന്നാണ് വിവരം. ചില കമ്പനികളുടെ ഓഫീസുകളാണ് ഇവിടെ പ്രവർത്തിച്ചുവന്നിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാക്കിയതായി ഔട്ടർ ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സമീർ ശർമ്മ പറഞ്ഞു. സംഭവത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി.