പകർച്ചവ്യാധി ; കരുതിയിരിക്കാം

Saturday 14 May 2022 12:00 AM IST

കാലാവസ്ഥാ പ്രവചനമനുസരിച്ച് സംസ്ഥാനത്ത് കാലവർഷം മേയ് അവസാനം തുടങ്ങിയേക്കാമെന്നാണ് സൂചന. അസാനി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ന്യൂനമർദ്ദത്തിന്റെ ഫലമായി ഇപ്പോൾത്തന്നെ മിക്കദിവസവും മഴ ലഭിക്കുന്നുണ്ട്. മേയ് 22 കഴിയുന്നതോടെ കാലവർഷവും എത്തിയേക്കാമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. നേരത്തെ എത്തുന്ന കാലവർഷം കാർഷിക മേഖലയ്ക്കു മാത്രമല്ല സംസ്ഥാനത്തിന് മൊത്തം ഗുണകരമാകുമെന്നാണു പ്രതീക്ഷ.

കാലം തെറ്റാതെ എത്താറുള്ള തെക്കുപടിഞ്ഞാറൻ കാലവർഷം പലതരം രോഗങ്ങളും ഒപ്പം കൂട്ടാറുണ്ട്. മഴക്കാല രോഗങ്ങളെ കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു. പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ഇപ്പോഴേ എടുക്കണം. പനി, ചിക്കുൻഗുനിയ, തക്കാളിപ്പനി എലിപ്പനി തുടങ്ങിയവ മഴക്കാലത്ത് പതിവായി കണ്ടുവരുന്നതാണ്. കൊതുകു പരത്തുന്ന ഡെങ്കിപ്പനിക്ക് ഇപ്പോൾ കാലഭേദമൊന്നുമില്ല. മഴക്കാലത്ത് ഡെങ്കി രോഗികൾ കൂടുമെന്നു മാത്രം. ജനങ്ങളിൽ നല്ലൊരു ഭാഗത്തെ പരിക്ഷീണിതരാക്കുന്ന പനി മഴക്കാലത്തു പതിവാണ്. പനിക്കു വകഭേദങ്ങൾ ധാരാളമുള്ളതിനാൽ കൂടുതൽ കരുതലും ശ്രദ്ധയും എടുക്കേണ്ടിവരും. പനി രണ്ടുദിവസത്തിനകം നീണ്ടാൽ വിശദ പരിശോധനയും ചികിത്സയും തേടാൻ മടിക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്ത ഒട്ടേറെ പ്രദേശങ്ങൾ സംസ്ഥാനത്ത് ഇപ്പോഴുമുണ്ട്. മഴക്കാലമാകുന്നതോടെ സ്ഥിതി കൂടുതൽ സങ്കീർണമാകും. ജലജന്യരോഗങ്ങളുടെ മഹാപൂരക്കാലം കൂടിയാണ് മഴക്കാലം. എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കാനുള്ള സർക്കാർ പദ്ധതികൾ പലതും പാതിവഴിയിലാണ്.

കഴിഞ്ഞ രണ്ടുവർഷവും കൊവിഡ് മഹാമാരിക്കൊപ്പമായിരുന്നു സർക്കാരും ജനങ്ങളും. മഹാമാരിയെ പേടിച്ച് അധിക സമയവും വീടുകളിൽത്തന്നെയിരുന്നതിനാൽ പകർച്ചവ്യാധികളിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നേടിയിരുന്നു. വ്യക്തിശുചിത്വം കർക്കശമായി പാലിക്കാൻ ശീലിച്ചതും വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. മാസ്‌ക് ഉപയോഗവും രോഗപ്രതിരോധത്തിന് ഉപകരിച്ചു. കൊവിഡ് നിയന്ത്രണങ്ങളിൽ നല്ലതോതിൽ അയവു വന്നതും ജനങ്ങൾ പണ്ടേപ്പോലെ പുറത്തിറങ്ങാൻ തുടങ്ങിയതും ആരോഗ്യ സുരക്ഷാഭീഷണി ഉയർത്തുന്നുണ്ട്. പരിസര വൃത്തിയും വെടിപ്പും ഉറപ്പാക്കേണ്ടത് ജനങ്ങൾ തന്നെയാണ്. അതിന് തദ്ദേശസ്ഥാപനങ്ങളുടെ നിർദ്ദേശങ്ങളും ഇടപെടലുകളും ഉണ്ടാവണം. പകർച്ചവ്യാധികൾക്ക് പലപ്പോഴും കാരണമാകുന്നത് തദ്ദേശസ്ഥാപനങ്ങളുടെ കൃത്യവിലോപമാവും. ശുചീകരണ പ്രവർത്തനങ്ങളിൽ കാണിക്കുന്ന ഉദാസീനതയും പ്രാപ്തിക്കുറവും ജനങ്ങളുടെ ആരോഗ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ്.

2018-ലെ നിപ്പ അനുഭവമുള്ളതുകൊണ്ട് ആശുപത്രികൾ കൂടുതൽ കരുതലോടെയിരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. നിപ്പ ലക്ഷണങ്ങളോടെ എത്തുന്ന പനിബാധിതരെ പ്രത്യേകം നിരീക്ഷിക്കണമെന്നാണ് നിർദ്ദേശം. അന്നത്തെ 23 നിപ്പരോഗികളിൽ രണ്ടുപേർക്കു മാത്രമാണ് രോഗം ഭേദമായതെന്നത് ഈ മാരകരോഗത്തിന്റെ കരാളരൂപം വ്യക്തമാക്കുന്നു.

കേവലമൊരു ചടങ്ങുപോലെയാണെങ്കിലും നടക്കാറുണ്ടായിരുന്ന മഴക്കാലപൂർവ ശുചീകരണയജ്ഞത്തെക്കുറിച്ച് ഇക്കുറി പറഞ്ഞുകേട്ടില്ല. മഴക്കാലത്തിന് ഇനി ദിവസങ്ങൾ മാത്രമുള്ള സ്ഥിതിക്ക് അത് നടക്കാനുള്ള സാദ്ധ്യതയും കുറവാണ്. നഗരങ്ങളിലെങ്കിലും കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് പരിസരങ്ങൾ ശുചിയാക്കിവയ്ക്കാൻ നടപടി എടുക്കേണ്ടതാണ്.

Advertisement
Advertisement