യൂണിഫോമുകൾ ഒരുങ്ങുന്നു; തയ്യൽമേഖലയ്ക്ക് ആഹ്ളാദ സീസൺ

Saturday 14 May 2022 12:16 AM IST

ആലപ്പുഴ: നീണ്ട ഒരിടവേളയ്ക്ക് ശേഷം തയ്യൽത്തൊഴിലാളികൾക്ക് ഒരു ചാകരക്കാലം ലഭിച്ചിരിക്കുകയാണ്. കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് സ്കൂൾ സീസണും നഷ്ടപ്പെട്ട ഇവർ ഇക്കുറി യൂണിഫോം ഒരുക്കുന്ന തിരക്കിലാണ്.

ഇത്തവണ എല്ലാ കുട്ടികളും വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി തയ്യൽ മേഖലയിലും തിരക്ക് വർദ്ധിക്കുകയാണ്. ചില സ്കൂളുകളിൽ യൂണിഫോം മാറ്റം സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നത് മാത്രമാണ് ഏക പ്രതിസന്ധി. യൂണിഫോമിന്റെ ഘടനയിലും നിറത്തിലും തീരുമാനമാകുന്നതോടെ തയ്യൽ മേഖല കൂടുതൽ സജീവമാകും. പ്രധാന സ്കൂളുകളുടെ യൂണിഫോമുകൾ റെഡിമേയ്ഡായി തയ്ച്ച് കടകൾക്ക് നൽകുന്ന തൊഴിലാളികൾക്ക് നേരത്തെ തന്നെ ജോലി ആരംഭിച്ചിരുന്നു.

കൊവിഡ് കാലത്ത് സ്‌കൂൾ യൂണിഫോമുകളുടെ തയ്യൽ നിലച്ചതോടെ ഭൂരിഭാഗം തൊഴിലാളികളുടെയും വരുമാനത്തിൽ വലിയ ഇടിവാണ് സംഭവിച്ചത്. തയ്യൽ മെഷീനിൽ നിന്ന് കാലെടുക്കാൻ കഴിയാത്തത്ര പൊതുവെ തിരക്കായിരുന്നു മേയ്- ജൂൺ മാസങ്ങളിൽ. പക്ഷേ കൊവിഡ് വില്ലനായപ്പോൾ പലരും മെഷീനുകൾ തുരുമ്പ് പിടിക്കാതിരിക്കാൻ എണ്ണയിടേണ്ട അവസ്ഥയിലായിരുന്നു.

വ്യക്തികൾക്കു പുറമേ സ്‌കൂളുകളും വസ്ത്രശാലകളും നൽകുന്ന ഓർഡറുകൾ രാപ്പകൽ വ്യത്യാസമില്ലാതെ തുന്നിയാണ് പൂർത്തിയാക്കുന്നത്. മേയ്, ജൂൺ, ജൂലായ് കാലയളവിലെ സ്‌കൂൾ തുറപ്പിന് തൊട്ടുപിന്നാലെ പ്ലസ് വൺ പ്രവേശനം, കോളേജ് പ്രവേശനം എന്നിവയെത്തുമ്പോൾ സീസണിൽ തിരക്കോട് തിരക്കാകും. വിവാഹങ്ങളും പഴയ പ്രൗഡിയിൽ തിരിച്ചെത്തിയതോടെ കല്യാണത്തുണിത്തരങ്ങളുടെ തയ്യലുകളും വർദ്ധിച്ചിട്ടുണ്ട്.

തിരിച്ചുവരവിന്റെ പാതയിൽ

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പല തയ്യൽക്കടകളിൽ നിന്നും കൊവിഡ് കാലത്ത് തൊഴിലാളികളുടെ എണ്ണം കുറച്ചിരുന്നു. ഇത്തവണ തിരക്ക് കൂടി തുടങ്ങിയതോടെ അധിക തൊഴിലാളികളെ കടകൾ കണ്ടെത്തിത്തുടങ്ങി.

തയ്യൽ നിരക്ക് (രൂപയിൽ)

യൂണിഫോം ഷർട്ട് : 250

പാന്റ് - 350 - 400

ഷോർട്ട്സ് - 200

പിനാഫോർ - 200

ചുരിദാർ - 350

കോട്ട് - 200

......................

5.85 ലക്ഷം:

തയ്യൽ തൊഴിലാളി

ക്ഷേമനിധി അംഗങ്ങൾ

10,000:

ജില്ലയിലെ

തയ്യൽ തൊഴിലാളികൾ

......................

യൂണിഫോം ഓർഡറുകൾ തിരിച്ച് വന്ന് തുടങ്ങി. ഇത് ഏറെ ആശ്വാസകരമാണ്. കടകളിലേക്കുള്ള റെഡിമെയ്ഡ് ഓർഡറുകളും ധാരാളം വരുന്നുണ്ട്.

അജികുമാർ, തയ്യൽ തൊഴിലാളി, ഹരിപ്പാട്

Advertisement
Advertisement