ചെയർപേഴ്‌സന്റെ കസേരയിൽ എം.എൽ.എ, പ്രതിഷേധവുമായി പ്രതിപക്ഷം

Saturday 14 May 2022 12:37 AM IST

കുന്നംകുളം: ജലജീവൻ മിഷൻ യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൻ സീത രവീന്ദ്രന്റെ കസേരയിൽ എ.സി. മൊയ്തീൻ എം.എൽ.എ കയറിയിരുന്നെന്ന് ആരോപിച്ച് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. നഗരസഭാ ചെയർപേഴ്‌സൺ സീതാ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ഹാളിൽ ചേർന്ന യോഗത്തിലാണ് പ്രതിഷേധം.

കൗൺസിൽ ആരംഭിച്ചതോടെ കോൺഗ്രസ് കൗൺസിലർ ബിജു സി. ബേബിയാണ് വിഷയം യോഗത്തിൽ അവതരിപ്പിച്ചത്. പിന്തുണയുമായി ബി.ജെ.പി കൗൺസിലർ കെ.കെ. മുരളിയും രംഗത്തെത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. സുരേഷ് ഡാവിഞ്ചി കഥകളുമായി ഉപമിച്ച് മറുപടി പറയാൻ ആരംഭിച്ചതോടെയാണ് കൗൺസിൽ യോഗത്തിന്റെ വിലപ്പെട്ട സമയം കഥ പറഞ്ഞ് കളയുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ ബഹളം വച്ചത്. ഇതോടെ പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ ഭരണപക്ഷ കൗൺസിലർമാരും ബഹളം വച്ചതോടെ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്കുതർക്കം ശക്തമായി. തുടർന്ന് കൗൺസിലർമാരായ ബിജു സി. ബേബി, ഷാജി ആലിക്കൽ, ലബീബ് ഹസൻ, മിഷ സെബാസ്റ്റ്യൻ, മിനി മോൻസി, ലീല ഉണ്ണിക്കൃഷ്ണൻ എന്നിവർ ചെയർപേഴ്‌സന്റെ ചേംബറിന് മുമ്പിലെത്തി പ്രതിഷേധിച്ചു. ഇവരോട് പ്രതിഷേധം നിറുത്താൻ ചെയർപേഴ്‌സൺ ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷ കൗൺസിലർമാർ ബഹളം വയ്ക്കൽ അവസാനിപ്പിച്ചാൽ മാത്രമേ പ്രതിഷേധം അവസാനിപ്പിച്ച് തിരികെ കസേരയിൽ ഇരിക്കൂ എന്നായിരുന്നു പ്രതിപക്ഷ കൗൺസിലർമാരുടെ മറുപടി. എന്നാൽ പ്രതിപക്ഷ കൗൺസിലർമാർ ചെയർപേഴ്‌സന്റെ ചേംബറിന് മുമ്പിൽ നിന്ന് പോയാൽ മാത്രമേ പ്രതിഷേധം അവസാനിപ്പിച്ച് ഇരിക്കൂ എന്നായിരുന്നു ഭരണപക്ഷ കൗൺസിലർമാർ പറഞ്ഞത്. ഇതോടെ ഇരുകൂട്ടരും തമ്മിലുള്ള വാക്ക് തർക്കം വീണ്ടും ശക്തമായി. പ്രതിഷേധം ശക്തമായതോടെ അജണ്ടകൾ പാസാക്കി ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ ബെല്ലടിച്ച് യോഗം അവസാനിപ്പിച്ചു. കൗൺസിലർമാരായ വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, എ.എസ്. സുജീഷ്, ഗീതാ ശശി, ബീനാ രവി, മിഷ സെബാസ്റ്റ്യൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

Advertisement
Advertisement