1000കോടിയുടെ പദ്ധതികൾ,​ വിമാനത്താവളത്തിന്റെ മുഖം മാറ്റാൻ അദാനി

Saturday 14 May 2022 2:01 AM IST

തിരുവനന്തപുരം: പതിറ്റാണ്ടുകളായുള്ള വികസന മുരടിപ്പ് മാറ്റി തിരുവനന്തപുരം വിമാനത്താവളത്തെ ലോകോത്തര സൗകര്യങ്ങളോടെ മാറ്റുന്നതിനായി 1000 കോടി രൂപയുടെ പദ്ധതികൾ അദാനിഗ്രൂപ്പ് നടപ്പാക്കും. അദാനിയുടെ കൈവശമുള്ള ആറ് വിമാനത്താവളങ്ങളിൽ 3500 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.

ലണ്ടൻ ആസ്ഥാനമായ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്, ബാക്ലെയിസ് ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് 250 മില്യൺ യു.എസ് ഡോളർ (1936 കോടി രൂപയോളം) കടമെടുത്താണ് ആദ്യഘട്ട വികസനം. രണ്ടാംഘട്ടത്തിൽ 200 മില്യൺ ഡോളറിന്റെ (1548കോടി രൂപ) പദ്ധതികൾ നടപ്പാക്കും. ഇതിൽ 1000കോടിയുടെ പദ്ധതികൾ തിരുവനന്തപുരത്തായിരിക്കും.

തിരുവനന്തപുരം,അഹമ്മദാബാദ്,ലക്നൗ,മംഗളൂരു,ജയ്‌പൂർ,ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് അദാനി ഏറ്റെടുത്തിട്ടുള്ളത്. വികസന പദ്ധതികൾക്കായുള്ള മാസ്റ്റർപ്ലാൻ ആറുമാസത്തിനകം തയ്യാറാക്കാൻ സിംഗപ്പൂരിൽ നിന്നുള്ള വിദഗ്ദ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിന് സമീപത്തെ മാൾ ഏറ്റെടുത്ത് ടെർമിനലിന്റെ ഭാഗമാക്കാനും ചർച്ച തുടങ്ങി. നിലവിലെ 33,300ചതുരശ്രഅടി ടെർമിനൽ കെട്ടിടത്തിനൊപ്പം 55,000 ചതുരശ്രഅടി കൂട്ടിച്ചേർത്ത് പുതിയ ടെർമിനൽ, അരനൂറ്റാണ്ടിലേറെ പഴക്കമുള്ള എയർട്രാഫിക് കൺട്രോൾ ടവർ പുതുക്കൽ, യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ, ഷോപ്പിംഗ്-സേവന കേന്ദ്രങ്ങൾ എന്നിവയാണ് പരിഗണനയിലുള്ളത്. അന്താരാഷ്ട്ര, ആഭ്യന്തര ടെർമിനലുകൾ സംയോജിപ്പിക്കും. ലോകോത്തര നിലവാരത്തിൽ എട്ടുനില ഉയരമുള്ള പുതിയ കൺട്രോൾടവറിന് എയർപോർട്ട് അതോറിട്ടി 115 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും സ്വകാര്യവത്കരണം വന്നതോടെ നിലച്ചു.

എയർപോർട്ട് അതോറിട്ടിയുമായുള്ള കരാറനുസരിച്ച്, ഓരോ യാത്രക്കാരനും 168രൂപ വീതം അദാനിഗ്രൂപ്പിന് നൽകണം. പ്രതിവർഷം 75കോടി പാട്ടത്തുകയിനത്തിൽ കണ്ടെത്തേണ്ടതുണ്ട്. 50വർഷത്തേക്ക് വികസനത്തിന് പണം മുടക്കേണ്ടതും അദാനിയാണ്. സൗകര്യങ്ങളും സർവീസുകളും വർദ്ധിപ്പിച്ച് യാത്രക്കാരുടെ എണ്ണം കൂട്ടുന്നതിനൊപ്പം പരമാവധി വരുമാനമുണ്ടാക്കാനുള്ള പദ്ധതികളും നടപ്പാക്കും.

ഭൂമിയില്ലാത്തത് വെല്ലുവിളി

628.70ഏക്കർ ഭൂമിയിലാണ് വിമാനത്താവളം. പുതിയ ടെർമിനലുണ്ടാക്കാൻ 18ഏക്കർ

ഭൂമിയേറ്റെടുക്കണം. നിലവിലെ ടെർമിനലിൽ 1600യാത്രക്കാരെയേ ഉൾക്കൊള്ളാനാകൂ.

റിയൽഎസ്റ്റേറ്റ്, വികസന സംരംഭങ്ങൾക്ക് ഇവിടെ ഭൂമിയില്ല. നെടുമ്പാശേരിയിൽ

-1300,കണ്ണൂരിൽ-3200,ബംഗളൂരുവിൽ-5200ഏക്കർ ഭൂമിയുണ്ട്.

റൺവേ അന്താരാഷ്ട്ര നിലവാരത്തിലാക്കാനും 13ഏക്കർ ഭൂമിയേറ്റെടുക്കണം. സർക്കാർ

വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും സ്വകാര്യവത്കരണത്തോടെ മരവിപ്പിച്ചു.

23% യാത്രക്കാരും അദാനിയുടെ വിമാനത്താവളങ്ങളിൽ

30% ചരക്കുനീക്കവും ഈ വിമാനത്താവളങ്ങളിലൂടെ

200 മില്യൺ ഉപഭോക്താക്കൾ

1.3ലക്ഷം അന്താരാഷ്ട്ര യാത്രക്കാർ ( ഏപ്രിൽ )

വിമാനത്താവളം ലോകനിലവാരത്തിലാക്കാൻ

വികസനപദ്ധതികൾ നടപ്പാക്കും.

-അദാനിഗ്രൂപ്പ്

Advertisement
Advertisement