പ്രായപൂർത്തിയാകാത്ത മകളെ അമ്മയുടെ അനുമതിയോടെ കാമുകൻ ബലാൽസംഗം ചെയ്‌തു; സംഭവം പുറത്തറിഞ്ഞത് ജനിച്ച കുഞ്ഞിന് സുഖമില്ലാതെ വന്നതോടെ

Saturday 14 May 2022 11:10 AM IST

ചെന്നൈ: മാതാവിന്റെ കാമുകൻ ബലാൽസംഗം ചെയ്‌ത പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി. സംഭവത്തിൽ അമ്മയെയും കാമുകനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇവർക്കെതിരെ പോക്‌സോ വകുപ്പനുസരിച്ച് കേസെടുത്തു. ചെന്നൈയിലാണ് സംഭവം. 38കാരിയായ സ്‌ത്രീയും ഇവരുടെ 50കാരനായ കാമുകനുമാണ് പിടിയിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. യുവതിയും കാമുകനും തമ്മിൽ കുറച്ചുനാളായി ബന്ധമുണ്ട്. ഇതിനിടെ യുവതിയുടെ പ്ളസ്‌വൺകാരിയായ മകളെ വിവാഹം കഴിച്ച് തരണമെന്ന് കാമുകൻ ആവശ്യപ്പെട്ടു. ഇതിന് യുവതി മൗനസമ്മതം നൽകിയതോടെ ഇയാൾ പെൺകുട്ടിയെ നിരന്തരം ബലാൽസംഗം ചെയ്‌തു. വൈകാതെ കുട്ടിയുടെ പഠിത്തം നിർത്തിയ യുവതി മകളുടെ വിവാഹം കഴിഞ്ഞതായി അയൽക്കാരെ ധരിപ്പിച്ചു.

ഇതിനിടെ മേയ് ഒന്നിന് കുട്ടിക്ക് പ്രസവവേദന വന്നു. വീട്ടിലെ കുളിമുറിയിൽ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി. ഈ കുഞ്ഞിന് ആരോഗ്യപ്രശ്‌നമുണ്ടായതോടെ യുവതിയ്‌ക്ക് മകളെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നു. ഇവിടെവച്ച് കുട്ടിയുടെ ആധാർ കാർഡ് പരിശോധിച്ച ആശുപത്രി അധികൃതർ വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. ഇവർ പൊലീസിൽ അറിയിച്ചതോടെയാണ് മാതാവും കാമുകനും പിടിയിലായത്.