പിടിമുറുക്കി കഞ്ചാവ് മാഫിയ, പിടി അയഞ്ഞ് പൊലീസ്. വയലായിൽ രണ്ടുപേർക്ക് കുത്തേറ്റു.

Sunday 15 May 2022 1:28 AM IST

കുറവിലങ്ങാട് . കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ ഞരളപ്പുഴ ഭാഗത്ത് കഞ്ചാവ് മാഫിയയുടെ അക്രമണത്തിൽ നാട്ടുകാരനും, സംഘാംഗത്തിനും കുത്തേറ്റു. വയലാ ചെറുതോട്ടായിൽ ഗോപീഷ് (26), വയലാ ഞരളപ്പുഴ പാറയ്ക്കൽ റെജിൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി പ്രദേശത്ത് കഞ്ചാവ് സംഘത്തിന്റെ വിളയാട്ടമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. വിജനമായ പ്രദേശവും പാറമടകളും സംഘത്തിന്റെ വിഹാരകേന്ദ്രങ്ങളാണ്. ആക്രമണം ചോദ്യം ചെയ്തതിനാണ് ഗോപീഷിനെ കുത്തിയത്. വെള്ളിയാഴ്ച ഉച്ചമുതൽ സമീപവാസി കൂടിയായ റെജീൻ കമ്പി വടിയും കത്തിയുമായി കൊലവിളിയുമായി മുഴക്കി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വൈകിട്ട് പണി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി റെജിനും ഗോപീഷും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് നടന്ന മൽപ്പിടുത്തത്തിൽ ഇരുവർക്കും കുത്തേൽക്കുകയുമായിരുന്നു.

ഗ്രാമീണ റോഡുകളിലെ യാത്ര പേടിക്കണം.

രാത്രിസമയങ്ങളിൽ ഗ്രാമീണ റോഡുകളിൽ ആളൊഴിഞ്ഞ ഭാഗങ്ങൾ കേന്ദ്രികരിച്ച് കഞ്ചാവ് വില്പന സംഘങ്ങൾ തമ്പടിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. വയല - ഞരളപ്പുഴ റോഡ്, കൂടല്ലൂർ - കടപ്പൂർ റോഡ്, കുറവിലങ്ങാട് കനാൽ റോഡ്, ബൈപ്പാസ് റോഡ് എന്നിവിടങ്ങളിൽ
ലഹരി ഉപയോഗവും വില്പനയും തകൃതിയാണ്. യുവാക്കളും വിദ്യാർത്ഥികളുമാണ് സംഘത്തിൽ കൂടുതൽ. ഏജന്റുമാർ കൊണ്ടുവരുന്ന കഞ്ചാവ് പൊതികൾ കുട്ടികളെ ഉപയോഗിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്നതായും പരാതിയുണ്ട്.

പിടിയിലാകുന്നത് ചെറുമീനുകൾ.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അകപ്പെടുന്നത് ചെറുമീനുകളാണ്. വമ്പൻ സ്രാവുകൾ രക്ഷപ്പെടുകയാണ് പതിവ്. കഞ്ചാവ് കേസിൽ ഒരിക്കൽ പിടിയിലാകുന്നവർ പുറത്തിറങ്ങിയാലും ഇത് തുടരുന്നതായാണ് വിവരം. കഞ്ചാവ് വില്പനക്കാരുടെ പേരടക്കം പൊലീസിനെയും, എക്‌സൈസിനെയും അറിയിച്ചാൽ പോലും നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഞരളപ്പുഴ ഭാഗത്ത് താമസിക്കുന്നവർക്ക് ഇരുൾ പരന്നാൽ വീടിന് പുറത്തിറങ്ങാൻ ഭയമാണ്.

Advertisement
Advertisement