തലയൽ ബണ്ട് സംരക്ഷണം എങ്ങുമെത്തിയില്ല വിളകൾ അന്യമായി കൃഷിയിടങ്ങൾ

Sunday 15 May 2022 1:31 AM IST

ബാലരാമപുരം: ഏക്കർ കണക്കിന് കൃഷിചെയ്യുന്ന തലയൽ ഏലായിൽ ബണ്ട് നവീകരണം കടലാസിലൊതുങ്ങിയതോടെ കർഷകർ ദുരിതത്തിലായി. ഒൻപത് മാസത്തോളമായി കൃഷി നശിച്ച കൃഷിയിടങ്ങളിൽ കാടുമൂടി. തലയൽ തോട് നവീകരണം അവതാളത്തിലായതോടെ കർഷകരുടെ ഓണക്കച്ചവടം ലക്ഷ്യമിട്ടുള്ള പച്ചക്കറിക്കൃഷിയും മുടങ്ങി. പ്രളയകാലത്ത് പൊട്ടിയ തോടിന്റെ ബണ്ടുകൾ നവീകരിക്കുമെന്ന് ജനപ്രതിനിധികൾ വാഗ്ദാനം നൽകിയെങ്കിലും പാഴ്വാക്കാവുകയായിരുന്നു. എം. വിൻസെന്റ് ഉൾപ്പെടെയുള്ളവർ തകർന്ന തോടുകളും ബണ്ടുകളും സന്ദർശിക്കുകയും തോട് നവീകരണത്തിന് ഫണ്ട് അനുവദിക്കുകയും നവീകരണത്തിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം കൈമാറുകയും ചെയ്തിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും തോട് നവീകരണം ഏങ്ങുമെത്തിയില്ല. തലയൽ ഏലാ മുതൽ പാറക്കുഴിവരെ ഏക്കർകണക്കിന് കൃഷിഭൂമിയാണ് കൃഷി ചെയ്യാനാകാതെ തരിശ്ശായികിടക്കുന്നത്. ചില കർഷകർ ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ടെങ്കിലും വെള്ളം കെട്ടിനിൽക്കാനുള്ള സംവിധാനമില്ലാത്തതിനാൽ പച്ചക്കറികൃഷി പാകമാകാതെ നശിക്കുകയാണ്. കനത്ത വേനൽക്കാലത്തും കൈതോടുകളിൽ നിന്നും കനാലിൽ നിന്നും ഒഴുകിയെത്തുന്ന ജലമാണ് കർഷകരുടെ ഏക ആശ്രയം. എന്നാൽ തോടിന്റെ ബണ്ടുകൾ പൊട്ടികിടക്കുന്നത് കാരാണം കനാലിൽ നിന്നും ഒഴുകിയെത്തുന്ന ജലം കൃഷിപരിപാലനത്തിന് വിനിയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്.

കഴിഞ്ഞ പ്രളയകാലത്ത് ബാലരാമപുരത്ത് തലയൽ,​ ഐത്തിയൂർ,​ പള്ളിച്ചലിൽ ഭഗവതിനട ഏലകളിൽ വ്യാപക കൃഷിനാശം നേരിട്ടിരുന്നു. കുലച്ചതും കുലയ്ക്കാറായതുമായ പതിനായിരക്കണക്കിന് വാഴകൾ ഒടിഞ്ഞ് വീണ് കർഷകർക്ക് ലക്ഷങ്ങളുടെ കൃഷിനാശമാണുണ്ടായത്. ഒപ്പം മരച്ചീനി,​ പാവൽ,​ വെള്ളരിക്ക,​ കത്തിരിക്ക,​ പടവലം,​ ചീര എന്നിവയും വെള്ളത്തിൽ മുങ്ങി.

വാഴകൾ ഇൻഷ്വർ ചെയ്തിട്ടുണ്ടെങ്കിലും ഭാഗികമായി കുലച്ച വാഴകൾക്ക് നഷ്ടപരിഹാരം നൽകില്ലെന്നാണ് കൃഷി ഭവൻ അറിയിച്ചിരിക്കുന്നത്. കൃഷിഭവനിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കർഷകരുടെ അപേക്ഷകൾ പരിഗണിക്കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പാകമാകാത്ത കുലകൾ വില്പന നടത്തി നഷ്ടം ഭാഗികമായി നികത്താനും കർഷകർ ശ്രമം നടത്തിയിരുന്നു. പാകമാകാത്ത കുലകൾക്ക് വിപണിമൂല്യമില്ലാത്തതിനാൽ ഇതു വഴിയും ലക്ഷങ്ങളുടെ നാശനഷ്ടമാണ് കർഷകർ നേരിട്ടത്.

Advertisement
Advertisement