സാഗരകന്യകയ്ക്ക് ഇനി പുതിയ നിറം

Sunday 15 May 2022 2:13 AM IST

ഹെലി‌കോ‌പ്‌ടർ മാറ്റാമെന്ന് പറഞ്ഞ സർക്കാർ വാക്കു പാലിച്ചില്ലെന്ന് കാനായി

തിരുവനന്തപുരം:ശംഖുംമുഖത്തിന്റെ സൗന്ദര്യം പതിന്മടങ്ങായി സന്ദർശകർക്ക് പകർന്നുനൽകാൻ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച സാഗരകന്യകയുടെ നിറംമാറ്റി. വെളള നിറത്തിൽ കാനായി പണികഴിപ്പിച്ച ശില്‌പം കടുംചാര നിറമാക്കിയാണ് മിനുക്കി പണിതത്. കാനായിയുടെ നിർദ്ദേശപ്രകാരമാണ് ടൂറിസം വകുപ്പിന്റെ നടപടി. എയർഫോഴ്‌സിന്റെ ഡെമോ ഹെലികോപ്‌റ്റർ സ്ഥാപിച്ചതോടെ സാഗരകന്യകയുടെ സ്വാഭാവിക ഭംഗി നഷ്‌ടപ്പെട്ടെന്നാരോപിച്ച് കാനായിയും അദ്ദേഹത്തിന്റെ ആരാധകരും നേരത്തെ രംഗത്തെത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞ് ശംഖുംമുഖത്ത് എത്തിയ നിരവധി പേരാണ് കാനായിയോട് ഫോണിലൂടെയും നേരിട്ടും പരാതി അറിയിച്ചത്.ഇതോടെ കാനായി ശംഖുംമുഖം സന്ദർശിച്ച് ശില്‌പത്തിന്റെ നിറം മാറ്റാൻ ടൂറിസം വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം,ശില്‌പത്തിന്റെ നിറം മാറ്റിയെങ്കിലും താൻ തൃപ്‌തനല്ലെന്ന് കാനായി കുഞ്ഞിരാമൻ കേരളകൗമുദിയോട് പറഞ്ഞു.ഹെലി‌കോപ്‌റ്റർ അവിടെ നിന്ന് മാറ്റണമെന്ന് തന്നെയാണ് ആവശ്യം. വിദേശത്തായിരുന്നെങ്കിൽ ഈ പ്രതിമയെ പൊന്നുപോലെ നോക്കിയേനേ.വിദേശത്ത് പഠനം നടത്തിയ ശേഷം കേരളത്തിനുവേണ്ടിയാണ് ഞാൻ ഇങ്ങോട്ടേക്ക് വന്നത്.പക്ഷേ ശംഖുംമുഖത്ത് ഉൾപ്പെടെ പ്രതിമയോട് കാണിക്കുന്ന അനീതി എന്നെ അപമാനിക്കുന്നതിന് തുല്യമാണ്.മുഖ്യമന്ത്രിയോട് പല തവണ ഫോണിൽ കാര്യം അവതരിപ്പിച്ചിരുന്നു.നോക്കാമെന്ന് പറഞ്ഞതല്ലാതെ അദ്ദേഹം ഒന്നും ചെയ്‌തില്ല.ഹെലി‌കോ‌പ്‌ടർ ഉൾപ്പെടെ മാറ്റാമെന്ന് പറഞ്ഞിട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നും കാനായി കുഞ്ഞിരാമൻ പറഞ്ഞു.

വേളിയിലും അനാദരവ്

വേളിയിൽ താൻ നിർമ്മിച്ച ശംഖും തകർച്ചയുടെ വക്കിലാണെന്ന് കാനായി പറഞ്ഞു. ടൂറിസം വകുപ്പ് വേളിയിലേക്ക് തിരിഞ്ഞുനോക്കുന്നില്ല.ലോകത്തിലെ ഏറ്റവും വലിയ ശംഖാണ് ഞാൻ വേളിയിൽ നിർമ്മിച്ചത്.എന്നാൽ ഹൃദയം തകർക്കുന്ന വേദനയോടെയാണ് ഭരണകൂടം പെരുമാറുന്നത്. ജനാധിപത്യമല്ല ബ്യൂറോക്രസിയാണ് നാട് ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫോട്ടോ ക്യാപ്‌ഷൻ: കടുംചാരനിറത്തിൽ മിനുക്കി പണിത സാഗരകന്യക

Advertisement
Advertisement