ഗോതമ്പ് കയറ്റുമതി നിരോധനം : ഇന്ത്യയെ വിമർശിച്ച് ജി 7

Sunday 15 May 2022 2:38 AM IST

ബെർലിൻ : ഗോതമ്പ് കയറ്റുമതിയ്ക്ക് നിരോധനമേർപ്പെടുത്തിയ ഇന്ത്യയുടെ തീരുമാനത്തെ അപലപിച്ച് ജി 7 രാജ്യങ്ങളിലെ കൃഷി മന്ത്രിമാർ. ' എല്ലാവരും കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ വിപണികൾ അടയ്ക്കാനോ തുടങ്ങിയാൽ അത് പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്ന് ജർമ്മൻ കൃഷി മന്ത്രി സെം ഓസ്ഡെമിർ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ജി 20 അംഗമെന്ന നിലയിൽ ഉത്തരവാദിത്വം നിറവേറ്റാൻ ഇന്ത്യയോട് ആവശ്യപ്പെടുന്നതായും ഓസ്ഡെമിർ പറഞ്ഞു.

അധിനിവേശ പശ്ചാത്തലത്തിൽ യുക്രെയിനിൽ നിന്ന് കയറ്റുമതി പ്രതിസന്ധിയിലായ ഘട്ടത്തിൽ മറ്റ് നിയന്ത്രണ നടപടികളിലൂടെ വിപണിയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തരുതെന്ന് ജി 7 രാജ്യങ്ങളിലെ കൃഷി മന്ത്രിമാർ ആവശ്യപ്പെട്ടു.

യുക്രെയിൻ യുദ്ധ പശ്ചാത്തലത്തിൽ ഗോതമ്പ് ക്ഷാമം നേരിടുന്ന രാജ്യങ്ങൾക്ക് ഇന്ത്യയുടെ തീരുമാനം ഒരു തിരിച്ചടിയാകും. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദകർ ഇന്ത്യയാണ്. വരുന്ന ജൂണിൽ ജർമ്മനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ക്ഷണമുണ്ട്.

ഇന്നലെ ജി 7 രാജ്യങ്ങളിലെ കൃഷി മന്ത്രിമാർ പങ്കെടുത്ത യോഗം ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നടന്നിരുന്നു. ലോക ഭക്ഷ്യ സുരക്ഷ പ്രധാന അജണ്ടയായ യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചത് ജർമ്മനിയായിരുന്നു. യുക്രെയിൻ കൃഷി മന്ത്രി മൈകോല സോൽസ്കിയേയും യോഗത്തിൽ ക്ഷണിച്ചിരുന്നു. രാജ്യത്ത് നിന്ന് ധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ സോൽസ്കി ജി 7 രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്.

Advertisement
Advertisement