വിവാഹം കഴിഞ്ഞ നാൾ മുതൽ ഇരുവരും തമ്മിൽ വഴക്ക്, മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തക്കതായ ശിക്ഷ ലഭിക്കണം; ഷഹനയുടെ മരണത്തിൽ പങ്കില്ലെന്ന് ഭർതൃമാതാവ്

Sunday 15 May 2022 9:02 AM IST

കോഴിക്കോട്: മോഡൽ ഷഹനയുടെ മരണത്തിൽ പങ്കില്ലെന്ന് ഭർത്താവ് സജ്ജാദിന്റെ മാതാവ് അസ്മ. വിവാഹം കഴിഞ്ഞ നാൾ മുതൽ മകനും മരുമകളും തമ്മിൽ വഴക്കാണെന്നും ഇരുവരും കുറേക്കാലം മുൻപ് വീട്ടിൽ നിന്ന് പോയതാണെന്നും അസ്മ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

മകന്റെയും മരുമകളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ പലതവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വീട് വിട്ടുപോയതിന് ശേഷം ഇവരുമായി കാര്യമായ ബന്ധമുണ്ടായിട്ടില്ല. മകൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തക്കതായ ശിക്ഷ കിട്ടണമെന്നും അസ്മ വ്യക്തമാക്കി.

ഒന്നരവർഷം മുമ്പായിരുന്നു ഷഹനയുടെ വിവാഹം. ഭർതൃവീട്ടിലെ പ്രശ്‌നങ്ങളെ തുടർന്നായിരുന്നു പറമ്പിൽ ബസാറിലെ ഫ്ളാറ്റിലേക്ക് മാറി താമസിച്ചത്. സംഭവത്തിൽ സജ്ജാദിന്റെ മാതാവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഷഹനയുടെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഷഹനയുടേത് തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിലുള്ളത്. ആത്മഹത്യയാണെന്ന് ഉറപ്പിക്കണമെങ്കിൽ വിശദമായ റിപ്പോർട്ട് വരണം. ഫുഡ് ഡെലിവറിയുടെ മറവിൽ സജ്ജാദിന് കഞ്ചാവ് വിൽപ്പനയുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. യുവതിയെ മരിച്ച നിലയിൽ കണ്ട ദിവസവും ഇയാൾ എം ഡി എം എ ഉപയോഗിച്ചിരുന്നെന്ന് പരിശോധനയിൽ വ്യക്തമായി.