സ്ത്രീധനം കിട്ടിയ ആഡംബര കാറുമായി വരൻ മടങ്ങി, വധുവിനെ കൊണ്ടുപോയില്ല; പരാതി നൽകുമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ

Sunday 15 May 2022 9:17 PM IST

ഗാന്ധിനഗർ: വിവാഹത്തിന് തൊട്ടുപിന്നാലെ വധുവിനെ കൂടെകൊണ്ടുപോകാൻ കൂട്ടാക്കാതെ വരൻ. എന്നാൽ സ്ത്രീധനമായി ലഭിച്ച ആഡംബര കാറുമായാണ് വരൻ സ്ഥലം വിട്ടത്. ഗുജറാത്തിലെ നപാഡ‌് വാന്തോ എന്ന ഗ്രാമത്തിലാണ് സംഭവം. വധുവിന്റെ വീട്ടിലേക്ക് പുതുതായി വാങ്ങിയ കാർ പോകില്ലെന്നതാണ് വരനെ ചൊടിപ്പിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വല്ലഭ് വിദ്യാനഗർ സ്വദേശിയായിരുന്നു വരൻ. സ്ത്രീധനമായി ലഭിച്ച ആഡംബര കാറിലായിരുന്നു വരൻ എത്തിയത്. എന്നാൽ വധുവിന്റെ വീട്ടിലേക്കുള്ള റോഡ് മോശം അവസ്ഥയിലായതിനാൽ കാറിൽ പോകാൻ സാധിച്ചില്ല. ഇത് വരനെ ചൊടിപ്പിച്ചു. വിവാഹവേദിയിൽ വച്ച് തന്നെ ഇക്കാര്യം പറഞ്ഞ് വരൻ വധുവിന്റെ ബന്ധുക്കളുമായി വഴക്കിട്ടിരുന്നു.

ഒടുവിൽ വിവാഹശേഷം കാറുൾപ്പെടെ സ്ത്രീധനമായി ലഭിച്ച എല്ലാ സാധനങ്ങളുമായി വരൻ സ്വന്തം വീട്ടിലേക്ക് മടങ്ങി, വധുവിനെ മാത്രം കൊണ്ടുപോയില്ല. സ്ത്രീധനമായി നൽകിയതെല്ലാം വരൻ കൊണ്ടുപോയതായി വധുവിന്റെ വീട്ടുകാർ ആരോപിച്ചു. സംഭവത്തിൽ വരനുമായി ചർച്ചകൾ നടക്കുകയാണെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്നും വധുവിന്റെ ബന്ധുക്കൾ പറഞ്ഞു.