അച്ഛനും മകനും ദാമ്പത്യയാത്ര തുടങ്ങിയത് ഒരേ വാഹനത്തിൽ

Monday 16 May 2022 3:22 AM IST

തൊടുപുഴ: 27 വർഷത്തിന് മുമ്പ് വിവാഹശേഷം സഞ്ചരിച്ച കാർ തപ്പിയെടുത്ത് മകന്റെ വിവാഹയാത്രയ്ക്കും എത്തിച്ച് അനിൽകുമാർ മകന്റെ വിവാഹവും അവിസ്മരണീയമാക്കി. കാപ്പ് ഒലിയപുറത്ത് അനിൽകുമാറിന്റെയും രാജശ്രീയുടെയും മകൻ അർജുന്റെ വിവാഹത്തിനാണ് രണ്ടര പതിറ്റാണ്ട് മുമ്പ് ഉപയോഗിച്ച അംബാസിഡർ കാർ എത്തിച്ചത്. ആഡംബര വാഹനങ്ങളുടെ കാലത്ത് പഴയകാലത്തെ പ്രതാപം ഒട്ടുചോരാതെ തന്നെ അംബാസിഡർ എത്തിയതോടെ ബന്ധുക്കൾക്കും വിവാഹത്തിനെത്തിയവർക്കും അത് കൗതുക കാഴ്ചയായി മാറി. 1995 ഫെബ്രുവരി 5ന് കാപ്പ് കുറിഞ്ഞിലിക്കാട്ട് ദേവീ ക്ഷേത്രത്തിൽ വച്ചായിരുന്നു അനിലിന്റെയും രാജശ്രീയുടെയും വിവാഹം. കാപ്പിലെ തന്നെ കോല്ലക്കാട്ട് ശിവശങ്കരൻ നായരുടെ 1990 മോഡൽ അംബാസിഡറായിരുന്നു അന്ന് ഇരുവരും വിവാഹ ശേഷം ആദ്യയാത്ര നടത്തിയത്. പിന്നീട് എത്തിയ ഐശ്യര്യങ്ങൾക്കെല്ലാം തുടക്കമായി അന്ന് ഈ വാഹനം. കാൽ നൂറ്റാണ്ടിനിപ്പുറം മകന്റെ വിവാഹം എത്തിയപ്പോൾ അച്ഛൻ അനിൽ ആദ്യം അന്വേഷിച്ചത് ഈ വാഹനമായിരുന്നു. കൊടകര സ്വദേശി ശബരി ഈ വാഹനം വാങ്ങി നവീകരിച്ച് ഉപയോഗിച്ച് വരികയായിരുന്നു. ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ട് കാര്യം പറഞ്ഞതോടെ തൃശൂരിൽ നിന്ന് വാഹനം ഉടമ ഓടിച്ചുകൊണ്ട് വന്ന് കൈമാറുകയായിരുന്നു. ഇന്നലെ തൊടുപുഴ കൃഷ്ണതീർത്ഥം കല്യാണ മണ്ഡപത്തിൽ വച്ചായിരുന്നു അർജുന്റെ വിവാഹം. കാപ്പ് വള്ളവശ്ശേരിയിൽ വി.സി. രഘുനാഥിന്റെയും ഗീതയുടെയും മകളായ ലക്ഷ്മിയെ ആണ് അർജുൻ വരണമാല്യം ചാർത്തിയത്. വിവാഹ ശേഷം കുടുംബത്തോടെ അംബാസിഡർ കാറിൽ വീട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വീട്ടിലെത്തി വാഹനത്തിനൊപ്പം നിന്ന് നിരവധി ചിത്രങ്ങളുമെടുത്ത ശേഷമാണ് ഉടമയ്ക്ക് കാർ തിരികെ കൈമാറിയത്. മൂവാറ്റുപുഴ ജോയിന്റ് ആർടിഒ ആണ് നിലവിൽ അനിൽ കുമാർ.