ഓട്ടോ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലുപേർ റിമാൻഡിൽ

Monday 16 May 2022 12:43 AM IST

കണ്ണൂർ: തലശേരി കോത്തപാറയിൽ ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവറെ തട്ടി കൊണ്ടുപോയി രഹസ്യകേന്ദ്രത്തിലെത്തിച്ചു മർദ്ദിച്ച സംഭവത്തിൽ നാലുപേരെ പൊലീസ് പിടികൂടി. തലശേരി ടെംപിൾ ഗേറ്റ് സ്വദേശികളായ വികാസ്, ജനീഷ്, ശരത്ത്, അഭിജിത്ത് എന്നിവരെയാണ് തലശേരി പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പൊന്ന്യം കുണ്ടുചിറ സ്വദേശി സി. ഷാജിയെ (45) യാണ് സംഘം കഴിഞ്ഞ 13ന് വൈകുന്നേരം നാലരയോടെ വാഹനത്തിൽ തട്ടികൊണ്ടു പോയത്.

ഷാജി വീട്ടിൽ എത്താത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ ഗുഡ്‌സ് ഓട്ടോറിക്ഷയും, ഫോണും പേഴ്‌സും ഉപേക്ഷിക്കപ്പെട്ട നിലയിൽ എരഞ്ഞോളി കോത്തപാറയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചത്. പിന്നീട് ഷാജിയുടെ സഹോദരന്റെ ഭാര്യ ദീപയുടെ ഫോണിലേക്ക് ഇദ്ദേഹത്തെ വിട്ടുകിട്ടണമെങ്കിൽ പ്രതികളായ ജനീഷ്, വികാസ് എന്നിവരുമായുള്ള സാമ്പത്തിക ഇടപാട് തീർക്കണമെന്നും അല്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി കോൾ വന്നതായി ഷാജിയുടെ അമ്മ സി. സരോജിനി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭീഷണി കോൾ വന്ന ഫോൺ നമ്പറും ടവർ ലൊക്കേഷനും സി.സി ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് തലശേരി ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാകുന്നത്.