കോൺഗ്രസിന്റെ ഉദയ്‌പൂർ പ്രഖ്യാപനം, പദവി പകുതി യൂത്തിന്; ഒ.ബി.സി സംവരണം ഇല്ല

Sunday 15 May 2022 11:50 PM IST

 ഉപസമിതി ശുപാർശകളിൽ പലതും പ്രവർത്തക സമിതി തള്ളി

ഉദയ്‌പൂർ : കോൺഗ്രസിൽ ബൂത്ത് മുതൽ പ്രവർത്തക സമിതി വരെ എല്ലാ കമ്മിറ്റികളിലും 50ശതമാനം ഭാരവാഹികൾ 50 വയസിൽ താഴെയുള്ളവർ ആയിരിക്കണമെന്നും ഒരു പദവിയിൽ അഞ്ചു വർഷത്തിലേറെ പാടില്ലെന്നും നവസങ്കൽപ്പ് ശിബിരത്തിനുശേഷം പുറപ്പെടുവിച്ച 'ഉദയ്‌പൂർ പ്രഖ്യാപനം'.

കമ്മിറ്റികളിൽ പട്ടിക, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണം പ്രവർത്തക സമിതി അംഗീകരിച്ചില്ല. ഈ വിഭാഗങ്ങൾക്ക് പരമാവധി പ്രാതിനിദ്ധ്യം ഉറപ്പാക്കും. നേതൃമാറ്റ തീരുമാനങ്ങളും പ്രഖ്യാപനത്തിലില്ല.

ഒരു കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി മതിയെങ്കിലും അഞ്ചു വർഷം പാർട്ടിയിൽ പ്രവർത്തിച്ച മറ്റൊരു അംഗത്തിനും മത്സരിക്കാം. ഒരാൾക്ക് ഒരു പദവി നടപ്പാക്കും. പുതുമുഖങ്ങൾക്ക് അവസരം നൽകാൻ ഒരാൾക്ക് ഒരു പദവിയിൽ അഞ്ചു വർഷം തീരുമാനിച്ചെങ്കിലും തുടർന്ന് മൂന്നുവർഷം പദവികളിൽ നിന്ന് മാറിനിൽക്കണമെന്ന ശുപാർശ പരിഗണിച്ചില്ല. 65 വയസ് കടന്നവർ ഉപദേശകരാകണമെന്ന നിർദ്ദേശവും കടുത്ത എതിർപ്പിൽ ഉപേക്ഷിച്ചു. പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാസംവരണത്തിനായി പ്രചാരണം നടത്തും.

ഒ.ബി.സി സംവരണം പൂഴ്‌ത്തി

ബൂത്ത് മുതൽ പ്രവർത്തക സമിതി വരെ 50 ശതമാനം പദവികൾ പട്ടിക, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം ചെയ്യുക, അസംബ്ളി, പാർലമെന്റ് സീറ്റുകളിൽ ഒ.ബി.സി സംവരണം, ജാതി സെൻസസ്, സ്വകാര്യ മേഖലയിൽ പട്ടിക, ഒ.ബി.സി, ന്യൂനപക്ഷ സംവരണം തുടങ്ങി സൽമാൻഖുർഷിദിന്റെ സാമൂഹ്യനീതി ഉപസമിതിയുടെ സുപ്രധാന ശുപാർശകൾ പ്രവർത്തകസമിതിയിലെ ഭിന്നത മൂലം മാറ്റിവച്ചു.

പകരം ദളിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ, വനിതാ വിഭാഗങ്ങൾക്ക് തുല്യമായ പ്രാതിനിദ്ധ്യം ഉറപ്പാക്കും. ഈ വിഭാഗങ്ങളോടുള്ള വിവേചനത്തിനെതിരെ പാർട്ടി ശബ്ദമുയർത്തും. ജാതി സെൻസസ് നടത്തണമെന്ന് പറയാതെ 2011 സെൻസസിന്റെ ഭാഗമായ ജാതി തിരിച്ചുള്ള കണക്ക് പുറത്തുവിടണമെന്ന ആവശ്യം മാത്രമാണ് പ്രഖ്യാപനത്തിൽ.

അംഗീകരിച്ച മറ്റ് ശുപാർശകൾ

90-180 ദിവസത്തിനകം ബ്ളോക്ക് മുതൽ ദേശീയതലം വരെ എല്ലാ കമ്മിറ്റികളിലെയും ഒഴിവുകൾ നികത്തും.

 പ്രധാന രാഷ്‌ട്രീയ തീരുമാനങ്ങളിൽ കോൺഗ്രസ് പ്രസിഡന്റിനെ സഹായിക്കാൻ പ്രവർത്തകസമിതി അംഗങ്ങളുടെ വിഭാഗം.

എല്ലാ മേഖലകളിലും രാഷ്‌ട്രീയകാര്യ സമിതി

വർഷത്തിലൊരിക്കൽ എ.ഐ.സി.സി, പി.സി.സി കമ്മിറ്റികൾ സമ്മേളിക്കണം.

മണ്ഡൽ, ബ്ളോക്ക്, ഡി.സി.സി കമ്മിറ്റികളും സ്ഥിരമായി ചേരണം.

 ബ്ളോക്ക് കോൺഗ്രസിനൊപ്പം മണ്ഡൽ കോൺഗ്രസ് കമ്മിറ്റികളും രൂപീകരിക്കും

നയരൂപീകരണത്തിന് ജനാഭിപ്രായം തേടാൻ പബ്ളിക് ഇൻസൈറ്റ് വിഭാഗം

നേതാക്കൾക്കും പ്രവർത്തകർക്കും പരിശീലനത്തിന് കേരളത്തിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡെവലപ്മെന്റ് സ്റ്റഡീസിൽ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട്

 തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഏകോപിപ്പിക്കാൻ എ.ഐ.സി.സി മാനേജ്മെന്റ് വിഭാഗം

സംഘടനാ ജനറൽ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ഡി.സി.സി, പി.സി.സി, എ.ഐ.സി.സി ഭാരവാഹികളുടെ പ്രവർത്തനം വിലയിരുത്തും. മോശമായവരെ നീക്കും.

Advertisement
Advertisement