പുറങ്കടലിൽ നിന്ന് ബോട്ട് കടത്തി 'പൈറേറ്റ്സ് ഒഫ് കുളച്ചൽ' ടീം

Monday 16 May 2022 12:53 AM IST

 പത്തംഗസംഘത്തിനായി അന്വേഷണം

കൊച്ചി: മത്സ്യത്തൊഴിലാളികളെ മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പുറങ്കടലിൽ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന ബോട്ട് കടത്തിക്കൊണ്ടുപോയ കുളച്ചൽ സ്വദേശി അരുൾ രാജുൾപ്പെടെ പത്തംഗ സംഘത്തിനായി കോസ്റ്റൽ പൊലീസ് അന്വേഷണം തുടങ്ങി.

ഈ മാസം 12ന് കൊച്ചി തീരത്തുനിന്ന് ഏഴ് നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. കുളച്ചലിൽ നിന്ന് മോചിതരായി തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വൈപ്പിൻ പള്ളത്താംകുളങ്ങര സ്വദേശി ജയന്റെ 'യു ആൻഡ് കോ' എന്ന ബോട്ടാണ് കടത്തിയത്. സ്രാങ്കുമായുള്ള സാമ്പത്തിക തകർക്കമാണ് കാരണം. ബോട്ട് കുളച്ചൽ തേങ്ങാപ്പട്ടണത്തുണ്ടെന്ന് കണ്ടെത്തി.

കഴിഞ്ഞ 11ന് രാത്രി മുരിക്കുംപാടത്ത് നിന്നാണ് 11 പേരുമായി ബോട്ട് ആഴക്കടൽ മത്സ്യബന്ധനത്തിനായി പോയത്. രാത്രി നങ്കൂരമിട്ട് തൊഴിലാളികൾ ഉറങ്ങുന്നതിനിടെ ചൂണ്ട വള്ളത്തിലെത്തിയ സംഘം ബോട്ടിൽ കയറി ഭീഷണിപ്പെടുത്തി നിയന്ത്രണം കൈക്കലാക്കി. കുളച്ചൽ ഭാഗത്തേക്കാണ് ഇവരെ കൊണ്ടുപോയത്. ആറ് കുളച്ചൽ സ്വദേശികളും നാല് ഉത്തരേന്ത്യൻ സ്വദേശികളും ഒരു മലയാളിയും തൊഴിലാളികളായി ബോട്ടിലുണ്ടായിരുന്നു. ഇവരെ കുളച്ചലിൽ ഉപേക്ഷിച്ചതിനെ തുടർന്നാണ് വിവരം പുറംലോകം അറിഞ്ഞത്.

ബോട്ട് നിർമ്മാണത്തിനായി 30 ലക്ഷം രൂപ അരുൾരാജ് ബോട്ടിലെ സാങ്ക്ര് സൂസണിന് നൽകിയിരുന്നത്രേ. ലഭിക്കുന്ന മത്സ്യം വിറ്റ് തന്റെ വിഹിതം എടുക്കാനുള്ള കാരാറാണുണ്ടാക്കിയതെന്ന് അരുൾരാജ് പറയുന്നതെങ്കിലും ഇയാളുമായുള്ള സാമ്പത്തിക ഇടപാട് അവസാനിപ്പിച്ചെന്നാണ് ബോട്ടുടമയുടെ മൊഴി.

കൊച്ചിയിൽ നിന്ന് വള്ളത്തിലെത്തിയ അരുൾരാജും സംഘവും രാത്രിയു‌ടെ മറവിൽ ബോട്ടിൽ കയറി നങ്കൂരമുയർത്തി സ്റ്റാർട്ട് ചെയ്തപ്പോഴാണ് ബോട്ട് ഹൈജാക്ക് ചെയ്തതായി ഉറങ്ങിക്കിടന്ന മത്സ്യത്തൊഴിലാളികൾ അറിഞ്ഞത്.

10 അംഗ സംഘത്തെ പുറങ്കടലിലെത്തിച്ച ചൂണ്ടവള്ളക്കാരെ തെരയുന്നുണ്ട്. കുളച്ചൽ പൊലീസിന്റെയും കോസ്റ്റ് ഗാർഡിന്റെയും സഹായത്തോടെയാണ് ബോട്ട് കണ്ടെത്തിയത്. ഇത് കൊച്ചിയിൽ കൊണ്ടുവരും.

Advertisement
Advertisement