എം.എൽ.എയുടെ പേരിൽ വാട്സ്ആപ്പ് സന്ദേശത്തിലൂടെ പണം തട്ടാൻ ശ്രമം

Monday 16 May 2022 12:58 AM IST

മാഹി: എം.എൽ.എയുടെ ഫോട്ടോ അടക്കം ഉപയോഗിച്ച് വാട്സ് ആപ്പ് സന്ദേശത്തിലൂടെ പണം തട്ടിയെടുക്കാൻ ശ്രമം. മാഹി എം.എൽ.എ രമേശ് പറമ്പത്തിന്റെ ഫോട്ടോ ഉപയോഗിച്ചാണ് വാട്സ് ആപ്പിൽ അദ്ദേഹം അയക്കുന്ന രീതിയിൽ തെറ്റിദ്ധാരണ പരത്തുന്ന വ്യാജ സന്ദേശങ്ങൾ പലർക്കും അയക്കുന്നത്. പണമാവശ്യപ്പെട്ട് സന്ദേശമയച്ചവർക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ശനിയാഴ്ച രാവിലെ മുതലാണ് മാഹിയിലേയും, പുതുച്ചേരിയിലേയും സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് എം.എൽ.എ അയക്കുന്ന തരത്തിൽ 7525887258 എന്ന നമ്പറിൽ നിന്ന് മെസേജ് ലഭിക്കാൻ തുടങ്ങിയത്. ആമസോൺ കമ്പനിയുടെ പേ ഗിഫ്റ്റ് കാർഡിന്റെ ലിങ്ക് കൂടി സന്ദേശത്തോടൊപ്പം ചേർത്തിട്ടുണ്ട്. ഓൺലൈൻ മുഖേന പണം അപഹരിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ട്. സംശയം തോന്നിയ ചിലർ നേരിട്ട് എം.എൽ.എയെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് സംഗതി വ്യാജമാണെന്ന് മനസിലായത്. തുടർന്ന് എം.എൽ.എ മാഹി പൊലീസ് സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു.

Advertisement
Advertisement