മനുഷ്യസ്നേഹിയായ അഭിഭാഷക ശ്രേഷ്‌ഠൻ

Monday 16 May 2022 2:15 AM IST

അഭിഭാഷകവൃത്തിയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു അഭിഭാഷകശ്രേഷ്‌ഠനും മനുഷ്യസ്നേഹിയും കൂടി വിടവാങ്ങി.

58 ലേറെ വർഷത്തെ അഭിമാനകരമായ അഭിഭാഷകവൃത്തി , കേരളത്തിലെ പ്രമുഖ അഭിഭാഷകരിൽ ഒരാൾ, ഏറ്റവും കൂടുതൽ കാലം കേരളത്തിൽ അഡ്വക്കേറ്ര് ജനറലായിരുന്ന വ്യക്തി, കേരളത്തിന്റെ നീതിന്യായചരിത്രത്തിൽ സ്വർണലിപികളിൽ മുദ്രണം ചെയ്യപ്പെടേണ്ട അഭിഭാഷകനും ന്യായാധിപനുമായിരുന്ന ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റിയുടെ ശിഷ്യരിൽ പ്രമുഖൻ, മുൻമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന പ്രശസ്ത അഭിഭാഷകൻ, സി.വി പത്മരാജന്റെ ശിഷ്യൻ, ചാവർകോട് മഹാവൈദ്യന്മാരുടെ കുടുംബത്തിലെ അംഗം എന്നിങ്ങനെ നിരവധി വിശേഷണങ്ങളാൽ ശോഭിച്ചിരുന്ന മഹദ് വ്യക്തിയായിരുന്നു സി.പി സുധാകരപ്രസാദ്. 1964 ൽ കൊല്ലം കോടതികളിൽ അഭിഭാഷകജീവിതം ആരംഭിച്ചു. കഠിനാദ്ധ്വാനവും തൊഴിലിനോടുള്ള ആത്മാർത്ഥതയും അന്തസും ആകർഷണീയതയുമുള്ള പെരുമാറ്റവും കൊണ്ട് ചെറിയ കാലയളവിൽത്തന്നെ മുൻനിര അഭിഭാഷകനായി മാറി അദ്ദേഹം. ഹൈക്കോടതിയിലേക്ക് മാറിയതോടെ അദ്ദേഹത്തിന് വിശാലമായ പ്രവർത്തനമേഖല തുറന്നുകിട്ടി. എല്ലാത്തരം കേസുകളും വളരെ പ്രാഗല്‌ഭ്യത്തോടെ കൈകാര്യം ചെയ്യുമായിരുന്നെങ്കിലും സിവിൽ അപ്പീലുകളും സർവീസ് കേസുകളും ഭരണഘടനാ സംബന്ധമായ കേസുകളുമാണ് അദ്ദേഹത്തെ കൂടുതൽ ആകർഷിച്ചത്. സർവീസ് കേസുകൾ ഹൈക്കോടതിയിലും സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും നടത്തുന്നതിന് അദ്ദേഹത്തെപ്പോലെ പ്രാവീണ്യം തെളിയിച്ച അഭിഭാഷകർ വളരെ വിരളമാണ്.

എറണാകുളത്ത് സെന്റ് വിൻസെന്റ് റോഡിൽ വളരെ വിശാലമായ ഓഫീസ് സൗകര്യങ്ങളാണ് അദ്ദേഹത്തിന്റേത്. പ്രഗല്ഭരായിത്തീർന്ന നിരവധി അഭിഭാഷകർ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. അവരിൽ പലരും ന്യായാധിപന്മാരായിത്തീർന്നിട്ടുണ്ട്. ഹൈക്കോടതി മുൻ ജഡ്ജിയും ഇപ്പോൾ ഉപലോകായുക്തയുമായ ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് സുധാകരപ്രസാദിന്റെ ആദ്യകാല ശിഷ്യരിൽ ഒരാളാണ്.

സുധാകരപ്രസാദ് 42 -ാമത്തെ വയസിൽ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജ‌ഡ്‌ജിയായി ശുപാർശ ചെയ്യപ്പെട്ടെങ്കിലും സങ്കുചിത ജാതിരാഷ്‌ട്രീയ സമ്മർദ്ദത്താൽ അത് നടക്കാതെ പോയി. 42 -ാ മത്തെ വയസിൽ ഹൈക്കോടതി ജഡ്ജിയായാൽ അദ്ദേഹം സുപ്രീംകോടതി ജഡ്ജിയാകാനും തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകാനും സാദ്ധ്യത ഏറെയുണ്ടായിരുന്നു. അതുകൊണ്ട് ഈ സാദ്ധ്യത തടയുക ചില സങ്കുചിത താത്പര്യക്കാരുടെ ലക്ഷ്യമായിരുന്നെന്ന് പറ‍ഞ്ഞുകേട്ടിട്ടുണ്ട്. എന്നാലിത് അദ്ദേഹത്തിൽ വലിയ ചലനങ്ങളൊന്നും സൃഷ്‌ടിച്ചില്ല. അദ്ദേഹം അഭിഭാഷകവൃത്തിയിൽ കൂടൂതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ലഭിക്കുന്ന കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ വിശ്രമം പലപ്പോഴും സ്വപ്നമായി മാറിയിരുന്നു.

അഡ്വക്കേറ്റ് ജനറലായി നിയമിക്കപ്പെട്ട അദ്ദേഹം തന്റെ പദവി യാതൊരു അഴിമതിക്കും ഇടനല്കാതെ വളരെയധികം മാന്യതയോടെയും ആത്മാർത്ഥതയോടെയും ഊർജ്ജസ്വലതയോടെയും പ്രതിജ്ഞാബദ്ധതയോടെയും ഉപയോഗിച്ചു. നിയമപരിജ്ഞാനവും അനുകരണീയമായ മറ്റ് സവിശേഷതകളും കൊണ്ട് അദ്ദേഹം ഒരുതവണ കൂടി അഡ്വക്കേറ്റ് ജനറലായി നിയമിക്കപ്പെട്ടു. യോഗ്യതകൾ പരിഗണിച്ച് അദ്ദേഹത്തിന് കാബിനറ്റ് മന്ത്രിയുടെ പദവിയും നല്‌കി. കേരളത്തിന്റെ ഇതുവരെയുള്ള നീതിന്യായ കോടതികളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം (പത്ത് വർഷത്തിലേറെ)​ അഡ്വക്കേറ്ര് ജനറലായി തുടരാനുള്ള അവസരവും ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു.

അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് തീർത്തും അഴിമതിരഹിതമായും കാര്യക്ഷമമായും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ സവിശേഷതയാണ്. തന്റെ ഓഫീസിൽ ആരെങ്കിലും അഴിമതി നടത്തിയെന്നോ അതിന് തുനിഞ്ഞെന്നോ ബോദ്ധ്യപ്പെട്ടാൽ അത്തരക്കാ‌ർക്കെതിരെ സത്വരവും കർക്കശവുമായി നടപടിയെടുക്കുന്നതിൽ അദ്ദേഹം യാതൊരു വീഴ്‌ചയും വരുത്തിയില്ല. അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ചിരുന്ന കാലഘട്ടം അദ്ദേഹത്തിന് ഏറെ ചാരിതാർത്ഥ്യവും സംതൃപ്‌തിയും സന്തോഷവും നല്‌കിയിരുന്നു.

വലിയ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ സന്തോഷകരമായ ജീവിതം നയിക്കവേയാണ് മൂന്നുമാസം മുൻപ് അദ്ദേഹത്തിന് കോവിഡ് പിടിപെട്ടത്. അതിന്റെ പരിണിതഫലങ്ങൾ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയ്‌ക്ക് വിധേയനായെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

സുധാകരപ്രസാദ് വലിയൊരു സൗഹൃദസമ്പത്തിന് ഉടമ കൂടിയായിരുന്നു. ആത്മാർത്ഥ സുഹൃത്തും കർണാടക മുൻ മന്ത്രിയും ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ.ജെ. അലക്‌സാണ്ടറിന്റെ കോവിഡ് മൂലമുള്ള അപ്രതീക്ഷിത വിയോഗം സുധാകര പ്രസാദിനെ ഏറെ തളർത്തി.

വർക്കലയ്‌ക്ക് എട്ട് കിലോമീറ്റർ വടക്കുള്ള ചാവർകോട് എന്ന പ്രദേശത്താണ് സുധാകരപ്രസാദ് ജനിച്ചത്. ചാവർകോട് പ്രശസ്‌തിയും പെരുമയുമുള്ള മഹാവൈദ്യന്മാരാൽ അറിയപ്പെട്ടിരുന്ന സ്ഥലമാണ്. സുധാകരപ്രസാദിന്റെ സ്‌കൂൾ വിദ്യാഭ്യാസം നാവായിക്കുളം ഗവൺമെന്റ് ഹൈസ്‌കൂളിലും കോളേജ് വിദ്യാഭ്യാസം കൊല്ലം എസ്.എൻ കോളേജിലും നിയമപഠനം തിരുവനന്തപുരം ഗവ. ലോ കോളേജിലും ആയിരുന്നു.

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

Advertisement
Advertisement