ഡോ. മണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു, ഭിന്നത തുടരുന്നു

Monday 16 May 2022 3:29 AM IST

ന്യൂഡൽഹി : ത്രിപുരയുടെ 12-ാമത് മുഖ്യമന്ത്രിയായി ഡോ. മണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായിരുന്ന ബിപ്ലവ് കുമാർ ദേബ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് മണിക് സാഹ ചുമതലയേറ്റത്. അഗർത്തലയിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യദേവ് നാരായൺ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു.

സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്, കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്, കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജംവാൽ തുടങ്ങിയവർ പങ്കെടുത്തു. മണിക് സാഹയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 2018ൽ ആരംഭിച്ച ത്രിപുരയുടെ വികസന യാത്രയ്ക്ക് ഡോ. സാഹ ഊർജ്ജം പകരുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാൻ ഒരു വർഷം മാത്രം ശേഷിക്കെയാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ നിർദേശ പ്രകാരം ബിപ്ലവ് കുമാർ രാജിവച്ചത്. മണിക് സാഹ മന്ത്രിസഭയിൽ 11 പുതുമുഖങ്ങൾ വന്നേക്കുമെന്നാണ് സൂചന.

 ഭിന്നത തുടരുന്നു

മുഖ്യമന്ത്രിയായി മണിക് സാഹയെ തിരഞ്ഞെടുത്തതിൽ പാർട്ടിയിൽ ഭിന്നത തുടരുന്നു. സംസ്ഥാന ബി.ജെ.പി ആസ്ഥാനത്ത് നടന്ന നിയമസഭാകക്ഷി യോഗത്തിന് ശേഷം മണിക് സാഹയുടെ പേര് പ്രഖ്യാപിച്ചതിനെ തുടർന്ന് മന്ത്രി രാം പ്രസാദ് പോൾ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചത് എം.എൽ.എമാർ തമ്മിലെ വാക്കേറ്റത്തിന് കാരണമായി.

മന്ത്രി പോൾ ആസ്ഥാനത്തെ കസേരകൾ തകർത്ത് പ്രതിഷേധിക്കുന്ന വീഡിയോകൾ പുറത്തായി. ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് വർമ്മ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് തന്റെ പദവി നീക്കം ചെയ്ത് അതൃപ്തി പ്രകടിപ്പിച്ചു. ജിഷ്ണു ദേബിനെ മുഖ്യമന്ത്രിയാക്കാത്തതിലാണ് പോൾ പ്രതിഷേധിച്ചത്. എന്നാൽ, ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഇരുവരും പങ്കെടുത്തു.

അതേ സമയം, ബിപ്ലവ് കുമാറിനെ പാർട്ടി സംസ്ഥാന പ്രസിഡന്റോ രാജ്യസഭാംഗമോ ആക്കിയേക്കും. പ്രധാനമന്ത്രി മോദിയുടെ വികസനം ലക്ഷ്യമാക്കി മുന്നോട്ട് പോകുമെന്നും സംസ്ഥാനത്ത് തങ്ങൾക്ക് ഒരു രാഷ്ട്രീയ വെല്ലുവിളിയുമില്ലെന്നും മുഖ്യമന്ത്രി ഡോ. മണിക് സാഹ പറഞ്ഞു.

Advertisement
Advertisement