കോഴിക്കോട് കണ്ടെത്തിയ വെടിയുണ്ടകൾക്ക് പതിനഞ്ച് വർഷം വരെ പഴക്കം; അന്വേഷണം കർണാടകയിലേക്ക്
Monday 16 May 2022 8:47 AM IST
കോഴിക്കോട്: ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കർണാടകത്തിലേക്ക്. വെടിയുണ്ടകൾക്ക് പതിനഞ്ച് വർഷംവരെ പഴക്കമുണ്ടെന്നാണ് നിഗമനം. ഉപേക്ഷിച്ചവരെ കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും.
ഇന്ത്യയിലും വിദേശത്തുമായുള്ള നാല് കമ്പനികളിലാണ് വെടിയുണ്ടകൾ നിര്‍മിച്ചത്. ശാസ്ത്രീയ പരിശോധനയിലാണ് ഒരു കമ്പനിയുടെ വെടിയുണ്ടയ്ക്ക് അഞ്ചു വര്‍ഷവും മറ്റ് മൂന്ന് കമ്പനികളുടെ വെടിയുണ്ടകള്‍ക്ക് 15 വര്‍ഷവും പഴക്കമുണ്ടെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് തൊണ്ടയാട് ബൈപ്പാസിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 266 വെടിയുണ്ടകൾ പെട്ടികളിലും കവറുകളിലുമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ ഉപയോഗിച്ച രണ്ട് വെടിയുണ്ടകളും ഉണ്ട്. തോക്ക് ലൈസൻസ് ഉള്ളവർക്കും റൈഫിൾ ക്ലബുകൾക്കും വാങ്ങാവുന്ന വെടിയുണ്ടകളാണ് ഇവയെന്ന് പൊലീസ് അറിയിച്ചു.