ഷാബ ഷരീഫ് മൂലക്കുരു മാറ്റിയത് കുറഞ്ഞ ചെലവിൽ, ഇനി ആ ഒറ്റമൂലി ഉപയോഗിച്ച് ആരുടെയും രോഗം ഭേദമാക്കാനാകില്ല; രഹസ്യം വെളിപ്പെടുത്തി ഭാര്യ

Monday 16 May 2022 10:00 AM IST

മൈസൂർ: ചികിത്സ എന്ന് നിറുത്തുന്നുവോ അന്നുമാത്രമേ തനിക്ക് പാരമ്പര്യമായി കിട്ടിയ ചികിത്സാ അറിവ് ഇളയമകന് പകർന്ന് നൽകുകയുള്ളുവെന്ന തന്റെ വാക്ക് നാട്ടുവൈദ്യൻ ഷാബ ഷരീഫിന് പാലിക്കാനായില്ല. ഒപ്പം പാരമ്പര്യമായി കാത്തു സൂക്ഷിച്ച ചികിത്സാരീതി എന്നന്നേക്കുമായി അസ്തമിക്കുകയും ചെയ്തു. മൂലക്കുരുവിനുള്ള ഒറ്റമൂലി ചികിത്സയുടെ രഹസ്യം വെളിപ്പെടുത്താത്തതിന്റെ പേരിലാണ് ഷാബ ഷരീഫിനെ നിലമ്പൂരിൽ വീട്ടിൽ തടവിലാക്കി ഷൈബിൻ അഷറഫും സംഘവും ക്രൂരമായി കൊലപ്പെടുത്തിയത്.

പാരമ്പര്യമായി ലഭിച്ച ചികിത്സയെക്കുറിച്ചുള്ള വിവരം ഇളയമകന് മാത്രമേ കൈമാറുകയുള്ളൂവെന്ന് നേരത്തെതന്നെ ഭർത്താവ് സൂചിപ്പിച്ചിരുന്നുവെന്ന് ഷാബയുടെ ഭാര്യ ജമീം താജ് പറഞ്ഞു. പറയുന്ന കാര്യം അക്ഷരം പ്രതി നടപ്പാക്കുന്ന ആളാണ്. ഇതായിരിക്കാം ആ ദുഷ്ടന്മാർ തന്റെ ഭർത്താവിന്റെ ജീവനെടുക്കാൻ കാരണമായതെന്ന് അവർ പറഞ്ഞു.


മൂന്നുവർഷം മുമ്പാണ് ഷാബ ഷരീഫിനെ ബോഗാഡി വസന്തനഗറിലെ വസതിയിൽ നിന്ന് കാണാതായത്. സ്ഥിരമായി ചികിത്സയ്ക്കെത്തുന്ന ഒരാൾ ബൈക്കിലെത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല.

കാണാതായതിനെപ്പറ്റി മൈസൂർ സരസ്വതിപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ പിന്നീട് ഇതുസംബന്ധിച്ച് അന്വേഷണമൊന്നും ഉണ്ടായില്ല. കഴിഞ്ഞ ദിവസങ്ങളിലാണ് നിലമ്പൂരിലെ ഷൈബിൻ അഷറഫ് എന്നയാൾ ഭർത്താവിനെ കൊലപ്പെടുത്തിയ വിവരം അറിയുന്നത്.


ഒറ്റമൂലി തേടി വലിയതോതിൽ ആളുകളൊന്നും എത്തിയിരുന്നില്ല. എന്നാൽ മരുന്ന് ആവശ്യപ്പെട്ട് വന്നവർക്കെല്ലാം രോഗം ഭേദമായി. 15 ദിവസത്തേക്കുള്ള ഡോസ്, ഒരു മാസത്തേക്കുള്ള ഡോസ് എന്നിങ്ങനെയാണ് നൽകിയിരുന്നത്. 15 ദിവസത്തേക്ക് 500 രൂപയും ഒരു മാസത്തേക്ക് 1000 രൂപയുമാണ് വാങ്ങിയിരുന്നത്. പച്ചമരുന്നുകളാണിവ. വനത്തിൽ നിന്നാണ് ശേഖരിക്കുന്നത്. പാരമ്പര്യമായി കൈമാറിവന്ന ഈ ചികിത്സാരീതി അദ്ദേഹത്തിന്റെ മരണത്തോടെ അസ്തമിച്ചുവെന്ന് ജമീം താജ് പറഞ്ഞു. ഷാബ ഷരീഫ്-ജമീം താജ് ദമ്പതികൾക്ക് ആറ് പെൺമക്കളും രണ്ട് ആൺ മക്കളുമുണ്ട്.