പാലോ പാലുൽപ്പന്നങ്ങളോ ദിവസേന കഴിക്കുന്നവരിൽ ബുദ്ധി കുറയുന്നു; ഹൃദ്‌രോഗത്തിനും സാദ്ധ്യതയെന്ന് പുതിയ പഠനം

Monday 16 May 2022 3:17 PM IST

പാലിനോട് പ്രിയമുള്ളവർ വളരെ കുറവാണ്. എന്നാൽ ധാരാളം കാൽഷ്യം അടങ്ങിയിട്ടുള്ളതിനാൽ ദിവസവും രണ്ട് ഗ്ലാസ് പാലെങ്കിലും കുടിക്കുന്നവരാണ് ഭൂരിഭാഗവും. ശരീരത്തിനാവശ്യമായ പോഷകം ലഭിക്കുമെന്ന പേരിൽ കുട്ടികൾക്ക് താൽപ്പര്യമില്ലെങ്കിലും അവരെ നിർബന്ധിച്ച് മാതാപിതാക്കൾ കുടിപ്പിക്കാറുമുണ്ട്. എന്നാൽ ഒരു പുതിയ പഠനമനുസരിച്ച്, തലച്ചോറിന്റെ ആരോഗ്യത്തെ ഇത് ദോഷമായി ബാധിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. സാധാരണയെക്കാൾ വേഗത്തിൽ തലച്ചോറിനെ പ്രായമാക്കുകയും ബുദ്ധികുറയാൻ കാരണമാകുകയും ചെയ്യുമെന്നാണ് പഠനത്തിൽ പറഞ്ഞിരിക്കുന്നത്.

55മുതൽ 75വയസ് വരെ പ്രായമുള്ള 4668പേരിൽ നടത്തിയ ഈ പഠനം മോളിക്യുലർ ന്യൂട്രീഷൻ ആന്റ് ഫുഡ് റിസർച്ച് ജേണലിലാണ് പ്രസിദ്ധീകരിച്ചത്. പഠനത്തിന്റെ ഭാഗമായി ഇവർ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പങ്കെടുത്തവരിൽ പാൽ അല്ലെങ്കിൽ പാലുൽപ്പന്നങ്ങൾ ദിവസേന കഴിക്കുന്നവരിൽ ഹൃദ്‌രോഗം ഉൾപ്പെടെ വരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കണ്ടെത്തി. രണ്ട് വർഷത്തിന് ശേഷം ഇവരെ വീണ്ടും പരിശോധിച്ചപ്പോൾ കൊഴുപ്പുള്ള പാൽ സ്ഥിരമായി കുടിക്കുന്നവരിൽ ഉയർന്ന തോതിൽ തലച്ചോറിന്റെ പ്രവർത്തനം കുറഞ്ഞതായും കണ്ടെത്തി.

എന്നാൽ കൊഴുപ്പ് കൂടുതലുള്ള പാലുൽപ്പന്നങ്ങളുടെ ഉപയോഗം കൊണ്ട് മാത്രം ബുദ്ധിശക്തി കുറയുന്നതായി കണക്കാക്കാനാവില്ല എന്നും പഠനം നടത്തിയ വിദഗ്ദ്ധർ പറയുന്നു. ഐസ്ക്രീം പോലുള്ള വസ്തുക്കളിൽ പാലുൽപ്പന്നങ്ങൾക്കൊപ്പം ധാരാളം പഞ്ചസാരയും മറ്റ് കൃത്രിമ മധുരങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ഇൻസുലിനോടുള്ള സംവേദനക്ഷമത കുറയ്ക്കുകയും ഇത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുകയും ബുദ്ധി കുറയുകയും ചെയ്യുന്നു. കൊഴുപ്പുള്ല പാൽ, പുളിപ്പിച്ച പാലുൽപ്പന്നങ്ങൾ(തൈര്, മോര്, ചാസ്, ലസ്സി) തുടങ്ങിയവ ദിവസേന കഴിക്കുന്നവർ മിതമായ അളവിൽ കഴിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു.

Advertisement
Advertisement