പാകിസ്ഥാനോടുള‌ള വിശ്വാസം തകർ‌ന്നോ?; തുടർച്ചയായുള‌ള ഭീകരാക്രമണത്തിന് പിന്നാലെ പൗരന്മാരെ തിരികെ വിളിച്ച് ചൈന

Monday 16 May 2022 6:52 PM IST

കറാച്ചി: തങ്ങളുടെ പൗരന്മാർക്ക് നേരെയുള‌ള തുടർച്ചയായുള‌ള ആക്രമണങ്ങൾ ചൈനയുടെ കണ്ണ് തുറപ്പിച്ചോ? പാകിസ്ഥാനിൽ നിന്ന് വരുന്ന വാർത്തകൾ അത്തരത്തിലുള‌ളതാണ്. കറാച്ചി സർവകലാശാലയിലെ മാൻഡരിൻ പഠിപ്പിക്കുന്നവരെയെല്ലാം ചൈന തിരികെ വിളിപ്പിച്ചു. സർവകലാശാലയിലെ ചാവേർ ആക്രമണത്തിന് ശേഷം ആഴ്‌ചകൾക്കകമാണ് ഈ തീരുമാനം. അന്ന് മൂന്ന് അദ്ധ്യാപകരടക്കം നാലുപേരാണ് മരിച്ചത്. പാകിസ്ഥാനിൽ നിരോധിക്കപ്പെട്ട ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുമായി ബന്ധമുള‌ള മജീദ് ബ്രിഗേഡാണ് അന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.

കറാച്ചി സർവകലാശാലയിലെ ചൈനീസ് ഭാഷ പഠിപ്പിക്കുന്ന മറ്റ് കേന്ദ്രങ്ങളിലെ അദ്ധ്യാപകരും കഴിഞ്ഞ ദിവസം തന്നെ ചൈനയിലേക്ക് മടങ്ങി. ഏതാണ്ട് 500 വിദ്യാർത്ഥികൾ സർവകലാശാലയിൽ നിലവിൽ മാൻഡരിൻ പഠിക്കുന്നുണ്ടെന്ന് കൺഫ്യൂഷ്യസ് ഇൻസ്‌റ്റി‌റ്റ്യൂട്ട് ഡയറക്‌ടർ ഡോ.നസീർ ഉദ്ദിൻ പറഞ്ഞു. അദ്ധ്യാപകർ മടങ്ങുന്നത് ഈ കുട്ടികളുടെ പഠനത്തെ കാര്യമായിത്തന്നെ ബാധിക്കും. അന്താരാഷ്‌ട്ര ബന്ധം വർദ്ധിക്കുന്നതിന് ചൈനയും പാകിസ്ഥാനും സഹകരിച്ച് ലാഭേച്ഛയില്ലാതെ നടത്തുന്ന സ്ഥാപനമാണ് കൺഫ്യൂഷ്യസ് ഇൻസ്‌റ്റി‌റ്റ്യൂട്ട്. തങ്ങളുടെ പൗരന്മാർക്ക് നേരെ പാകിസ്ഥാനിൽ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങളിൽ ചൈന കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

ചൈനീസ് നിക്ഷേപം പാകിസ്ഥാനിൽ പാടില്ലെന്ന് വാദിക്കുന്ന തീവ്രവാദ വിഭാഗമാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി(ബിഎൽഎ). പാക് ജനവിഭാഗത്തിന് ഇതുമൂലം ഗുണമുണ്ടാകില്ലെന്നാണ് ഇവരുടെ വാദം. ചൈന-പാക് സാമ്പത്തിക ഇടനാഴിയിലാണ് ബിഎൽഎ നിരവധി ആക്രമണങ്ങൾ നടത്തിയത്.