വൈശാഖ മഹോത്സവം: അക്കരെ കൊട്ടിയൂരിൽ ഭണ്ഡാരം എഴുന്നള്ളിച്ചു

Monday 16 May 2022 9:11 PM IST
അമ്മാറക്കൽ തറയിൽ സ്ഥാപിക്കാനുള്ള കുടയെഴുന്നള്ളത്ത്

കൊട്ടിയൂർ: പെരുമാളുടെ തിരുവാഭരണങ്ങളും പൂജാകുംഭങ്ങളും വഹിച്ചുകൊണ്ടുള്ള ഭണ്ഡാരം എഴുന്നള്ളത്ത് ഇന്നലെ അർദ്ധരാത്രിക്ക് ശേഷം അക്കരെ കൊട്ടിയൂരിലെത്തിച്ചേർന്നു.ഇതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങൾക്ക് അക്കരെ സന്നിധിയിൽ ദർശനം നടത്താൻ അവസരം ഒരുങ്ങി.
രാവിലെ അമ്മാറക്കൽ തറയിൽ സ്ഥാപിക്കാനുള്ള കുടയെഴുന്നള്ളത്ത് മണത്തണയിൽ നിന്ന് പുറപ്പെട്ട് കൊട്ടിയൂരിൽ എത്തിച്ചേർന്നു. ഉത്സവത്തിന്റെ ഭാഗമായി വിശാഖം നാളിലെ ഭണ്ഡാരം എഴുന്നള്ളത്താണ് ഇന്നലെ നടന്നത്.ക്ഷേത്രഗോപുര സ്ഥാനമായ മണത്തണയിൽ നിന്നും ഉത്സവാവശ്യത്തിനുള്ള സ്വർണം, വെള്ളിപ്പാത്രങ്ങൾ, വെള്ളിവിളക്ക്, തിരുവാഭരണച്ചെപ്പ് , ചപ്പാരം ഭഗവതിയുടെ വാളുകൾ എന്നിവ വാദ്യഘോഷങ്ങളുടെയും രണ്ട് ഗജവീരന്മാരുടെയും അകമ്പടിയുമായാണ് കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്.
ഭണ്ഡാരം എഴുന്നള്ളത്ത് അർദ്ധരാത്രിയോടെ ഇക്കരെ ക്ഷേത്രത്തിൽ എത്തിയതിന് ശേഷം മുതിരേരി വാളും, ദേവീദേവന്മാരുടെ വിഗ്രഹവും എഴുന്നള്ളിച്ച് സ്ഥാനിക ബ്രാഹ്മണരും സംഘവും അക്കരെയെത്തി. പുലർച്ചയോടെ മണിത്തറയിലും അമ്മാറക്കലും വിളക്കുകൾ തെളിഞ്ഞതോടെ പൂജാദികർമ്മങ്ങൾക്കുള്ള മുഹൂർത്തമായി. ഇന്നുമുതൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങൾക്ക് അക്കരെ ദർശനം നടത്താം.

Advertisement
Advertisement