നെൽക്കതി​ർ നി​ലംപൊത്തി​, കി​ളി​ർത്തുതുടങ്ങി​ നെഞ്ചുതകർന്ന് കർഷകർ

Tuesday 17 May 2022 12:27 AM IST

ആലപ്പുഴ: കുട്ടനാടൻ കർഷകരെ നിരന്തരമായി അലട്ടുന്ന പ്രശ്നമായി മഴ തുടരുമ്പോൾ പാടത്ത് നിലംപൊത്തിയ നെല്ല് കൊയ്തെടുക്കാൻ കഴിയാത്ത തരത്തിൽ കിളിർത്തു തുടങ്ങിയത് കർഷകർക്ക് ഇരുട്ടടിയായി. ഒരാഴ്ചയ്ക്കുള്ളിൽ പെയ്ത മഴയിൽ ജില്ലയിലെ വിവിധ പാടശേഖരങ്ങളിലായി 6,000 ഹെക്ടർ നിലത്തെ നെൽകൃഷിയാണ് വെള്ളത്തിലായത്. ഇതിൽ 2,000 ഹെക്ടറിലെ നെല്ല് പൂർണമായും നശിച്ചു. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

ന്യൂനമർദ്ദത്തെ തുടർന്നുള്ള മഴയിൽ പെയ്തിറങ്ങിയ വെള്ളം പാടശേഖരങ്ങളിൽ നിന്ന് ഒഴുകിപ്പോകാൻ മാർഗമില്ലാതായതോടെ നിലംപൊത്തിയ നെല്ല് കൊയ്തെടുക്കാൻ കഴിയത്ത തരത്തിൽ കിളിർത്തു തുടങ്ങിയത് കർഷകർക്ക് കനത്ത തിരിച്ചടിയായി. വിളവെടുപ്പ് പൂർത്തീകരിച്ച പാടശേഖരങ്ങളിൽ കെട്ടികിടക്കുന്ന നെല്ല് സംഭരണത്തിന് മന്ത്രിയും കളക്ടറും നൽകിയ നിർദേശം ഉദ്യോഗസ്ഥർ നടപ്പാക്കാതെ കടലാസിലൊതുക്കുന്നതായി കർഷകർ പരാതിപ്പെടുന്നു. മില്ലുകാരുടെ ഏജന്റുമാരാണ് സംഭരണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് ശക്തമായ ആക്ഷേപം. ജില്ലാ തലത്തിൽ കളക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, പാഡി മാർക്കറ്റിംഗ് ഓഫീസർ അംഗങ്ങളായ മോണിട്ടറിംഗ് സമിതി രൂപികരിച്ചെങ്കിലും കാര്യമായ ഇടപെടൽ നടക്കുന്നില്ലത്രെ.

# പഞ്ചായത്ത് സമിതി വരണം

ജില്ലാ തല സമിതിക്ക് പ്രാദേശികമായി ഇടപെടൽ നടത്താനാകില്ല. പലപ്പോഴും കൃഷി ഉദ്യോഗസ്ഥർ ഓഫീസിന് പുറത്തിറങ്ങാതെ തയ്യാറാക്കുന്ന അവ്യക്തമായ കണക്കായിരിക്കും ജില്ലാസമിതിക്ക് നൽകുന്നത്. കൃത്യമായ നഷ്ടം തിട്ടപെടുത്താനും ഫലപ്രദമായി ഇടപെടാൻ പഞ്ചായത്ത് തലത്തിൽ സമിതി രൂപീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫീസർ, പാഡി ഓഫീസർ, പ്രദേശത്തെ പഞ്ചായത്ത് സമിതി അംഗം, പാടശേഖര സമിതി സെക്രട്ടറി, പ്രസിഡന്റ് ഉൾപ്പെട്ടവർ അംഗങ്ങളായി സമിതിക്കാണ് രൂപം കൊടുക്കേണ്ടത്. പ്രാദേശിക തലത്തിൽ കർഷകരെ ഫലപ്രദമായി സഹായിക്കാനും നാശത്തിന്റെ വ്യക്തമായ കണക്കും കൃത്യമായി തിട്ടപെടുത്താനും സമിതിക്ക് കഴിയും. കർഷകരും മില്ലുടമകളുമായുള്ള തർക്കം ഒഴിവാക്കി നെല്ല് സംഭരണം നടത്താനുമാകും.

# കിഴിവിന്റെ നഷ്ടക്കണക്ക്

കൃഷിനാശത്തോടൊപ്പം, സംഭരിക്കുന്ന നെല്ലിന് മില്ലുകാർ കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നതും കർഷകരുടെ നഷ്ടക്കണക്ക് കൂട്ടുന്നു. വേനൽമഴയിൽ നനഞ്ഞ നെല്ല് സംഭരിക്കുന്നതിനാലാണ് കിഴിവിന്റെ പേരിൽ മില്ലുകാർ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത്. നെല്ലിലെ ഈർപ്പം,കറവൽ എന്നിവയുടെ പേരിലാണ് മില്ലുകാരുടെ ചൂഷണം. ഒരു ക്വിന്റൽ നെല്ല് സംഭരിക്കുമ്പോൾ 10 മുതൽ 15 കിലോ വരെ കിഴിവ് നൽകണമെന്നാണ് ഇവരുടെ ആവശ്യം. മഴ ശക്തമായതിനാൽ കിട്ടുന്ന വിലയ്ക്ക് നെല്ല് വിറ്റ് നഷ്ടം കുറയ്ക്കാനുള്ള ശ്രമത്തിലാണ് കർഷകർ.

...........................

"നിലവിലുള്ള തടസങ്ങൾ പരിഹരിച്ച് നെല്ലു സംഭരണം ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കാൻ നിർദേശം നൽകി. സംഭരണത്തിന് ഇടനിലക്കാരെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന് മില്ലുകാർക്ക് നിർദേശം നൽകി. അനാവശ്യ ഇടപെടൽ നടത്തുന്ന ഇടനിലക്കാർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണം.

പി.പ്രസാദ്, കൃഷിമന്ത്രി

" കൃഷിമന്ത്രിയുടെ നിർദ്ദേശം ഉദ്യോഗസ്ഥർ പാലിക്കുന്നില്ല. ദുരിതത്തിലായ കർഷകരെ സഹായിക്കാൻ നെല്ല് സംഭരണം നടത്തുന്നതിനുള്ള നടപടി വേഗത്തിലാക്കുന്നില്ല. ജില്ലാഭരണകൂടവും കൃഷി ഉദ്യോഗസ്ഥർ ബീച്ചിലെ പ്രദർശന മാമാങ്കത്തിലാണ്. മില്ലുടുമകൾ സംഭരം നടത്താത്ത സാഹചര്യത്തിൽ 2010ൽ നടത്തിയതു പോലെ സർക്കാർ നേരിട്ട് സംഭരിക്കണം.

ബേബി പാറക്കാട്, സംസ്ഥാന പ്രസിഡന്റ്,

നെല്ല് നാളികേരക കർഷക ഫെഡറേഷൻ

Advertisement
Advertisement