സ്ത്രീകളെ ഫോൺ ചെയ്ത് ശല്യം ചെയ്യുന്നയാൾ അറസ്റ്റിൽ

Tuesday 17 May 2022 3:55 AM IST

കല്ലമ്പലം: സ്ത്രീകളുടെ ഫോൺ നമ്പർ കരസ്ഥമാക്കി അസമയങ്ങളിലും മറ്റും ഫോൺ വിളിച്ച് നിരന്തരം ശല്യം ചെയ്യുന്നയാൾ അറസ്റ്റിൽ. മടവൂർ വില്ലേജിൽ മങ്കോണം ക്ലാവറകുന്ന്‍ കുറുങ്കുളത്തുകോണം നിസാം മൻസിലിൽ നിസാമാണ് (44) അറസ്റ്റിലായത്.

സ്ത്രീകളുടെ ഫോൺ നമ്പരിൽ വിളിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്യുകയാണ് ഇയാളുടെ പതിവ്. എതിർക്കുമ്പോൾ സ്ത്രീകളെ അസഭ്യം പറയും. ഇയാളെ ഭയന്ന്‍ സ്ത്രീകൾ പരാതി നൽകാൻ കൂട്ടക്കില്ല. ഇത് പ്രതിക്ക് പ്രചോദനമായി.

നിരന്തരം സ്ത്രീകളെ ശല്യം ചെയ്യൽ തുടർന്നുകൊണ്ടിരുന്നു. പള്ളിക്കൽ സ്വദേശിയായ ഒരു സ്ത്രീയുടെ പരാതിയാണ് പള്ളിക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിസാം അറസ്റ്റിലായത്.

പല തവണ വിലക്കിയിട്ടും പ്രതി ഫോൺ ചെയ്യൽ ആവർത്തിച്ചു കൊണ്ടിരുന്നതിനെ തുടർന്നാണ്‌ ഇവർ പൊലീസിൽ പരാതി നൽകിയത്. പ്രതി മുൻപ് നിരവധി കേസുകളിൽ പ്രതിയാണ്. കടയ്ക്കൽ, പള്ളിക്കൽ പൊലിസ് സ്റ്റേഷനുകളിൽ നിലവിൽ കേസുകളുണ്ട്. പള്ളിക്കൽ സ്റ്റേഷനിൽ പട്ടിക ജാതിയായ ഗർഭിണിയെ ഉപദ്രവിച്ചതിനാണ് പ്രതി വിചാരണ നേരിടുന്നത്. പള്ളിക്കൽ സി.ഐ ശ്രീജിത്ത്‌ പി, എസ്.ഐ സാഹിൽ എം, എ.എസ്.ഐ അനിൽകുമാർ,സി.പി.ഒമാരായ സിയാസ്,വിനീഷ് രതീഷ്‌ സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.