വികസന തോമാ ശ്ലീഹ!

Tuesday 17 May 2022 12:00 AM IST

'വരിക, വരിക സഹജരേ, സഹനസമര സമയമായ്, കരളുറച്ച്, കൈകൾ കോർത്ത്, കാൽനടയ്ക്ക് പോക നാം' എന്നുച്ചത്തിൽ പാടിക്കൊണ്ട് എറണാകുളത്തെ തോപ്പുംപടിയിൽ നിന്ന് മുറിത്തോർത്തും ഉടുത്ത്, ഗുജറാത്തിലെ ദണ്ഡിയിലേക്ക് നഗ്നപാദനായി നടന്ന് പോയിട്ടുള്ളയാളാണ് തോമസ് മാഷ്. അദ്ദേഹത്തിന് തോപ്പുംപടിയിൽ നിന്ന് പാലാരിവട്ടം പാലത്തിന്റെയടുത്ത് വരെ നടന്നെത്താൻ ഒരു സെക്കൻഡ് തികച്ച് വേണ്ട. സ്വാതന്ത്ര്യസമരത്തിന് പോയി ബ്രിട്ടീഷുകാരുടെ വെടിയുണ്ടയെ തടുത്തയാൾ പിള്ളേര് പൊട്ടാസ് പൊട്ടിക്കുന്നത് തടുക്കാൻ പോകുന്നതിൽ ഒരു കുറച്ചിലുണ്ട്. തോപ്പുംപടിയിൽ നിന്ന് ദണ്ഡിയിലേക്ക് ചെരുപ്പില്ലാതെ നടന്ന മാഷന്മാർ, തോപ്പുംപടിയിൽ നിന്ന് പാലാരിവട്ടത്തേക്ക് ഒരു സെക്കൻഡ് പോലും വേണ്ടിവരാത്ത നടത്തം തിരഞ്ഞെടുക്കുന്നതിലുമുണ്ടൊരു കുറച്ചിൽ. അതുകൊണ്ട് തോമസ് മാഷ് ഇക്കഴിഞ്ഞ വ്യാഴാഴ്ച പാലാരിവട്ടത്ത് നടന്ന ഒരു തിരഞ്ഞെടുപ്പ് യോഗത്തിലേക്ക് പതിനഞ്ച് മിനിറ്റ് കൊണ്ടെത്താവുന്ന വിധത്തിൽ തോപ്പുംപടിയിൽ നിന്ന് കാറിൽകയറി യാത്ര തിരിക്കുകയുണ്ടായി. പതിനഞ്ച് മിനിറ്റ് ഒരു മിനിമം സ്റ്റാൻഡേർഡ് ടൈം ആണ്. കാറാവുമ്പോൾ അത് കിട്ടും. അതുകൊണ്ട് കാറിലാക്കിയതാണ് യാത്ര.

അന്ന് ആ യാത്രയിൽ അദ്ദേഹം പല കയ്പേറിയ സത്യങ്ങളും തിരിച്ചറിഞ്ഞു. അക്കൂട്ടത്തിൽ ഒന്നായിരുന്നു കേറെയിലില്ലാത്ത കേരളത്തിന്റെ കഷ്ടകാലം. അത് വെളിപ്പെടുത്തിയത് മാഷ് കയറിവരുമ്പോൾ ആ യോഗത്തിൽ പ്രസംഗിക്കുകയായിരുന്ന പിണറായി സഖാവായിരുന്നു.

കേ-റെയിലില്ലാത്ത കേരളവും ഉപ്പില്ലാത്ത കഞ്ഞിയും സമമെന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് പിണറായി സഖാവ്. കേ - റെയിലില്ലാത്ത കേരളത്തിന്റെ ദുരവസ്ഥ അതുകൊണ്ട് മറ്റാരേക്കാളും പങ്കുവയ്ക്കാനാവുന്നത് സഖാവിനാണ്. അതുകൊണ്ടാണ് തോമസ് മാഷിന്റെയുള്ളിൽ തോന്നിപ്പോയ കേ - റെയിലില്ലാത്ത കേരളത്തിന്റെ കുറവിനെപ്പറ്റി സഖാവപ്പോൾ തുറന്നുപറഞ്ഞത്. ഭൂഗോളം ഉരുണ്ടിട്ടാണെങ്കിൽ കേറെയിൽ കേരളത്തിൽ വന്നിരിക്കുമെന്നാണ് പിണറായിസഖാവിന്റെ ഒരേയൊരു നിലപാട്.

മഹാത്മഗാന്ധിയുടെ സബർമതീ തീരത്തെ ആശ്രമം പോലെ തോപ്പുംപടിയിലെ തോമസ് മാഷിന്റെ ആശ്രമത്തിൽ നിന്ന് തുളസിയിലയിട്ട പച്ചവെള്ളം ചവച്ചരച്ച് കുടിച്ച ശേഷമാണ് മാഷ് അന്നത്തെ സായാഹ്നത്തിൽ യാത്ര തിരിച്ചത്. പതിനഞ്ച് മിനിറ്റിന്റെ കണക്കും കൂട്ടിയിട്ടായിരുന്നു പുറപ്പെടൽ. അവിടെയെത്തിയപ്പോൾ ഒരു മണിക്കൂറായി. അത് ശരിക്കും അല്പം കടന്നുപോയ സമയം തന്നെയായിരുന്നു. ചെരുപ്പില്ലാത്ത കാലും കൊണ്ട് പണ്ട് ദണ്ഡി കടപ്പുറത്തേക്ക് നടന്ന് പോയ കാലത്തിന്റെ ത്യാഗസുരഭില മുഹൂർത്തങ്ങൾ ആ ഒരു മണിക്കൂറിനിടയിൽ കാറിനകത്ത് വച്ച് മാഷിന്റെയുള്ളിൽ ഗൃഹാതുരത്വം നിറച്ചു. മാഷിൽ നിന്ന് കണ്ണുനീർ ഒഴുകി.

അങ്ങനെ ഒരു മണിക്കൂറിൽ അദ്ദേഹം പാലാരിവട്ടം പാലത്തിന്റെ അടി വരെയെത്തിച്ചേർന്നു. തോപ്പുംപടിയിൽ നിന്ന് പതിനഞ്ച് മിനിറ്റിൽ എത്തേണ്ട പാലാരിവട്ടത്തേക്ക് ഒരു മണിക്കൂർ കൊണ്ട് എത്തിച്ചേർന്ന തോമസ് മാഷ് കേ-റെയിലിന്റെ ആവശ്യകത വിളിച്ചുപറഞ്ഞെന്നാണ് പിണറായി സഖാവ് പറഞ്ഞത്. തോമസ് മാഷ് തലകുലുക്കി ചിരിച്ചത് അത് ശരിവച്ചതിന്റെ തെളിവാണ്. ഇവിടേക്ക് എത്തിച്ചേരാൻ ഒരു മണിക്കൂറെടുത്തെന്ന് ആ സഞ്ചാരത്തിന്റെ കെടുതിയത്രയും മുഖത്ത് വിരിയിച്ച് തോമസ് മാഷ് പിണറായിയോട് പറഞ്ഞു. കേ-റെയിലടക്കം സർവവികസനവും നാട്ടിൽ വരണമെന്ന് തോമസ് മാഷ് അന്നവിടെ വച്ച് പ്രഖ്യാപിച്ചു. വികസനത്തെ പിടിച്ച തോമസ് മാഷ് എന്നാണ് ഇപ്പോൾ അദ്ദേഹത്തെപ്പറ്റി തോപ്പുംപടി നിവാസികൾ പറയുന്നത്. വികസനത്തിൽ പിടിച്ച പിടി ഒരു തരത്തിലും വിടുവിക്കാൻ അദ്ദേഹം ഒരുക്കമല്ലത്രെ. കുമ്പക്കുടി സുധാകരജി കുംഭ കുലുക്കിയാലും വടശ്ശേരി സതീശൻജി വട കൊടുത്താലും തോമസ് മാഷ് വികസനത്തിലെ പിടിവിടില്ല. അതുകൊണ്ടാണ് കുമ്പക്കുടിജിയും വടശ്ശേരിജിയും സ്വയം പിടിവിട്ട് പോകാൻ തയാറായത്. തോമസ് മാഷ് ഇനിയും കാണും തോപ്പുംപടിയിൽ.

 

ക്രിസ്തുദേവന്റെ പരിത്യാഗശീലവും സാക്ഷാൽ കൃഷ്ണനാം ഭഗവാന്റെ ധർമ്മരക്ഷോപായവും ബുദ്ധന്റെ അഹിംസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും രന്തിദേവന്റെ ദയാവായ്പും ഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിൻ സ്ഥൈര്യവും ഒത്തുചേർന്ന ആൾ ഇന്ന് കെ.വി.തോമസ് മാഷ് മാത്രമാണെന്ന് മഹാകവി വള്ളത്തോൾ പോലും ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ പറയും.

ആ ദയാവായ്പ്, ആ അഹിംസ, ആ പരിത്യാഗശീലം ഇതൊക്കെ ഇന്ന് മഷിയിട്ട് നോക്കിയാൽ കാണാനാവില്ല. തോമസ് മാഷിന്റെ പരിത്യാഗ ശീലം കണ്ടിരുന്നെങ്കിൽ ക്രിസ്തുദേവൻ അദ്ദേഹത്തിന് മുന്നിൽ കുമ്പിട്ട് നിൽക്കുമായിരുന്നു. സ്ഥാനമാനങ്ങൾ തേടി വരുമ്പോൾ ഇടംകാൽ കൊണ്ട് തട്ടിമാറ്റിയാണ് തോമസ് മാഷ് നടക്കുക. സ്ഥാനമാനം തൊട്ട് സ്വന്തം ശരീരം വരെ മറ്റുള്ളവർക്കായി ത്യജിക്കാൻ ശീലിച്ചിട്ടുള്ളയാളാണ് മാഷ്. ആ മാഷിനെ സ്ഥാനമോഹി എന്ന് വിളിക്കുന്നവരുടെ തല പരിശോധിക്കേണ്ടതാണ്.

തന്നേക്കാൾ പ്രായം കൂടിയ ആരോ ഒരാൾ 2004 ൽ അധികാരത്തിന്റെ താക്കോലുമെടുത്ത് തിരുവനന്തപുരത്ത് നിന്ന് ഡൽഹിക്ക് വിമാനം കയറുന്നത് നോക്കിനിന്നയാളാണ് തോമസ് മാഷ്. ആ പോയ ആളിനെയും താക്കോലിനെയും ഏതാനും ദിവസങ്ങൾക്ക് മുമ്പ് തിരിച്ചുകിട്ടിയതിന് തോമസ് മാഷും സാക്ഷിയാണ്. ആ ആളിന് തൊട്ടുമുമ്പായി ഡൽഹിക്ക് പോയ ആളാണ് തോമസ് മാഷും. ആ മാഷിന് ഒരു നീതി മറ്റുള്ളവർക്ക് വേറൊരു നീതി എന്നത് എങ്ങനെയാണ് ന്യായീകരിക്കാനാവുക? നിങ്ങളൊന്ന് ചിന്തിച്ച് നോക്കേണ്ടതാണ്.

ഇ-മെയിൽ:dronar.keralakaumudi@gmail.com

Advertisement
Advertisement