ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഫാക്ട് ജീവനക്കാരൻ അറസ്റ്റിൽ

Tuesday 17 May 2022 2:06 AM IST

കളമശേരി: പൊതുമേഖലാ സ്ഥാപനമായ ഫാക്ടിൽ കാഷ്വൽ ലേബർ തസ്തികയിൽ ജോലി ശരിപ്പെടുത്താമെന്നു പറഞ്ഞ് 4,78,200 രൂപ തട്ടിയെടുത്തെന്ന കേസിൽ ഫാക്ട് ടൗൺഷിപ്പ് സി ഫ്ളാറ്റ് 17ൽ താമസിക്കുന്ന കമ്പനി ജീവനക്കാരൻ മന്മഥനെ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കളമശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടുവള്ളി വാണിയക്കാട് വീട്ടിൽ സുരാജ് സുകുമാരൻ (41) നൽകിയ പരാതിയിലാണ് നടപടി. സമാന തട്ടിപ്പുകൾ സംബന്ധിച്ച് പ്രതിക്കെതിരെ നേരത്തെയും പരാതികളുണ്ട്. 1996ൽ കമ്പനിയുടെ ശിക്ഷാ നടപടിക്കും വിധേയനായി.