ഫിഷ് ഫാം കേസ്: ധർമ്മജന് ഉടൻ നോട്ടീസ്

Tuesday 17 May 2022 3:08 AM IST

കൊച്ചി: 'ധർമ്മൂസ് ഫിഷ് ഹബ്ബ്' എന്ന മത്സ്യവില്പനശാലയുടെ ഫ്രാഞ്ചൈസി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രവാസിയിൽ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ നടൻ ധർമ്മജൻ ബോൾഗാട്ടിയെ ചോദ്യം ചെയ്യാൻ തയ്യാറെടുത്ത് പൊലീസ്. സ്റ്റേഷനിൽ ഹജരാകാൻ താരത്തിന് ഉടൻ നോട്ടീസ് നൽകും. ധർമ്മജനുൾപ്പെടെ 11 പേരാണ് പ്രതികൾ. മുളവുകാട് സ്വദേശികളായ പള്ളത്തുപറമ്പിൽ കിഷോർ കുമാർ (43), താജ് കടേപ്പറമ്പിൽ (43), ലജേഷ് (40), ഷിജിൽ (42), ജോസ് (42), ഗ്രാൻഡി (40), ഫജോൾ (41), ജയൻ (40), നിബിൻ (40), ഫെബിൻ (37) എന്നിവരാണ് മറ്റ് പ്രതികൾ. ഇവ‌രെയും വിളിച്ചുവരുത്തും.

പായിപ്ര പുതുക്കാട്ടിൽ ആസിഫ് ആലിയാരുടെ പരാതിയിൽ എറണാകുളം സി.ജെ.എം കോടതിയുടെ നിർദ്ദേശപ്രകാരം ഈ മാസം അഞ്ചിനാണ് സെൻട്രൽ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ആസിഫിന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. കോതമംഗലത്ത് ബിസിനസ് ആരംഭിക്കാനാണ് ആസിഫ് ധർമ്മൂസ് ഹബ്ബിനെ സമീപിച്ചത്. 2019 മേയ് 15ന് ടോക്കൺ അഡ്വാൻസായി 10,000 രൂപയും പിന്നീട് പലപ്പോഴായി 43,30,587 രൂപയും കൈക്കലാക്കിയെന്നാണ് പരാതി.

2020 മാർച്ചുവരെ ഹബ്ബിലേക്ക് മീൻ എത്തിച്ചിരുന്നു. ഏപ്രിൽ മുതൽ വിതരണം പൊടുന്നനെ നിറുത്തുകയായിരുന്നു.

Advertisement
Advertisement