മണ്ണാർക്കാട് ഇരട്ടക്കൊലയിൽ 25 പ്രതികൾക്കും ജീവപര്യന്തം തടവ്

Tuesday 17 May 2022 2:13 AM IST

പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊലക്കേസിൽ എല്ലാ പ്രതികൾക്കും

വിചാരണക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട രണ്ടുപേരുടെയും കുടുംബത്തിന് പ്രതികൾ 50,000 രൂപ വീതം നഷ്ടപരിഹാരം നൽകണം. രണ്ട് കൊലപാതകങ്ങളിലും പ്രതികൾക്ക് ജീവപര്യന്തം വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പാലക്കാട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് നാലാം നമ്പർ അതിവേഗ കോടതി ജഡ്ജി ടി.എച്ച്. രജിതയാണ് വിധി പ്രസ്താവിച്ചത്. 2013 നവംബർ 21നാണ് എ.പി സുന്നി പ്രവർത്തകരും സഹോദരങ്ങളുമായ പള്ളത്ത് നൂറുദ്ദീൻ, കുഞ്ഞുഹംസ എന്നിവർ കൊല്ലപ്പെട്ടത്. കല്ലാങ്കുഴി സ്വദേശികളായ സി.എം.സിദ്ധിഖ് (52), ഷമീം (27), നൗഷാദ് (34), സിദ്ദീഖ് (55), നിജാസ് (28), സലാഹുദ്ദീൻ (26), ഷമീർ (28), സുലൈമാൻ (60), അമീർ (34), അബ്ദുൽ ജലീൽ (44), റഷീദ് (38), ഇസ്മായിൽ (43), സുലൈമാൻ (52), ഷിഹാബ് (47), മുസ്തഫ (32), നാസർ (62), ഹംസ (64), ഫാസിൽ (27), സലീം (46), സെയ്‌താലി (52), താജുദ്ദീൻ (44), സഹീർ (32), ഫാസിൽ (28), അംജദ് (35), മുഹമ്മദ് മുബഷിർ (32), മുഹമ്മദ് മുഹസിൻ (28) എന്നിവരായിരുന്നു പ്രതികൾ. കേസിൽ ആകെ 27 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ വിചാരണ തീരും മുമ്പ് മരിച്ചു. മറ്റൊരു പ്രതിക്ക് പ്രായപൂർത്തി ആയിരുന്നില്ല. ഇയാളുടെ വിചാരണ ജുവനൈൽ കോടതിയിൽ തുടരുകയാണ്. രാഷ്ട്രീയ, വ്യക്തിവിരോധവും ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കവുമാണ് കൊലയ്ക്ക് കാരണം എന്നായിരുന്നു കുറ്റപത്രം. വർഷങ്ങൾക്ക് ശേഷം പള്ളിയിൽ പണപ്പിരിവുമായി ഉണ്ടായ തർക്കം വീണ്ടും എതിർവിഭാഗത്തിന്റെ പ്രകോപനത്തിന് കാരണമായെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.