തോമസ് കപ്പിലെ ഇന്ത്യൻ തിളക്കം

Tuesday 17 May 2022 12:00 AM IST

ഇന്ത്യൻ കായികരംഗത്തിന് ആവേശം പകർന്നാണ് കഴിഞ്ഞ ദിവസം ബാങ്കോക്കിൽ നടന്ന തോമസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ ടീം സ്വർണം നേടിയത്. ബാഡ്മിന്റൺ ചരിത്രത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ടീം ടൂർണമെന്റുകളിലൊന്നായ തോമസ് കപ്പിന്റെ 73 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഫൈനലിൽ എത്തിയതുപോലുമെന്നത് സ്വർണത്തിന്റെ മാറ്റുകൂട്ടുന്നു.

14 തവണ തോമസ് കപ്പ് ചാമ്പ്യന്മാരായിട്ടുള്ള ടീമും നിലവിലെ ജേതാക്കളുമായിരുന്നു ഫൈനലിലെ ഇന്ത്യയുടെ എതിരാളികളായിരുന്ന ഇന്തോനേഷ്യ. ആദ്യം നടന്ന പുരുഷ സിംഗിൾസ് മത്സരത്തിൽ യുവതാരം ലക്ഷ്യ സെൻ, പിന്നാലെ ഡബിൾസിൽ സാത്വിക് സായ് രാജ് – ചിരാഗ് ഷെട്ടി സഖ്യം, മൂന്നാം മത്സരത്തിൽ കിഡംബി ശ്രീകാന്ത് എന്നിവർ ജയിച്ച് ഇന്ത്യ സ്വർണമെഡൽ നേടിയതോടെ മലയാളിതാരങ്ങളായ അർജുൻ ഇറങ്ങേണ്ടിയിരുന്ന രണ്ടാം ഡബിൾസ് മത്സരവും പ്രണോയ് കളിക്കേണ്ടിയിരുന്ന മൂന്നാം സിംഗിൾസ് മത്സരവും വേണ്ടിവന്നില്ല.

ഇന്ത്യൻ സ്പോർട്സിന് 1983ലെ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തോളം പ്രാധാന്യമുള്ള വിജയമായാണ് തോമസ് കപ്പ് സ്വർണം വിലയിരുത്തപ്പെടുന്നത്. ബാഡ്മിന്റൺ രംഗത്തുള്ളവർപോലും ഇന്ത്യൻ പുരുഷടീമിൽ നിന്ന് മെഡൽ പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടിയ കാലഘട്ടത്തിൽ തുടങ്ങിയ ഒരു ടൂർണമെന്റിലാണ് ശ്രീകാന്തും പ്രണോയ്‌യും ലക്ഷ്യസെന്നും കൂട്ടരും ചരിത്രമെഴുതിയത്.

സൈന നെഹ്‌വാൾ, പി.വി സിന്ധു തുടങ്ങിയ വനിതാ താരങ്ങളുടെ നിഴലിലായിരുന്ന ഇന്ത്യൻ ബാഡ്മിന്റണിലെ പുരുഷകേസരികളുടെ സ്വർണപ്രഭയിലേക്കുള്ള തിരിച്ചുവരവാണ് ബാങ്കോക്കിൽ കണ്ടത്. പ്രകാശ് പദുക്കോണും പുല്ലേല ഗോപിചന്ദും യു.വിമൽകുമാറുമൊക്കെ കളിച്ചിരുന്ന കാലത്ത് നടക്കാത്തതാണ് പ്രണോയ്‌യും കൂട്ടരും നേടിയെടുത്തത്. ഇന്ത്യയിൽ ക്രിക്കറ്റിന് വേരോട്ടമുണ്ടാക്കിയത് കപിൽദേവിന്റെ ചെകുത്താന്മാരുടെ ലോകകപ്പ് നേട്ടമാണ്. സമാനമായൊരു ഉണർവ് ബാഡ്മിന്റണിന് നൽകാൻ തോമസ് കപ്പ് സ്വർണത്തിന് കഴിയും. നേട്ടത്തിന്റെ വലിപ്പം തിരിച്ചറിഞ്ഞതുകൊണ്ടാണ് ടീമിന് കേന്ദ്ര കായികമന്ത്രാലയം ഒരു കോടിരൂപ സമ്മാനം പ്രഖ്യാപിച്ചത്.

ചരിത്രം കുറിച്ച 10 അംഗടീമിൽ രണ്ട് മലയാളി താരങ്ങളും പരിശീലകസംഘത്തിൽ ഒരു മലയാളിയും ഉൾപ്പെട്ടതിൽ കേരളത്തിനും അഭിമാനിക്കാം. ഫൈനലിൽ എച്ച്.എസ് പ്രണോയ്‌യ്ക്കും എം.ആർ അർജുനും കളിക്കേണ്ടിവന്നില്ലെങ്കിലും മലേഷ്യയ്ക്കെതിരായ ക്വാർട്ടറിലും ഡെന്മാർക്കിനെതിരായ സെമിയിലും നിർണായക സിംഗിൾസുകളിൽ വിസ്മയവിജയം നേടിയ പ്രണോയ്‌യുടെ പ്രകടനമാണ് ഫൈനലിലേക്കുള്ള വഴിതുറന്നതെന്ന് വിസ്മരിക്കാനാവില്ല. അടുത്തിടെ നടന്ന ആൾ ഇംഗ്ളണ്ട് ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിൽ കളിച്ച ഇന്ത്യൻടീമിൽ ഉൾപ്പെട്ട മലയാളിപ്പെൺകുട്ടി ട്രീസ ജോർജും പ്രണോയ്‌യും അർജുനുമൊക്കെ ദേശീയ ബാഡ്മിന്റണിൽ കേരളത്തിന്റെ വിലപ്പെട്ട സംഭാവനകളാണ്. മലയാളി കളിക്കാർക്ക് രണ്ട് ലക്ഷം വീതവും കോച്ച് വിമൽകുമാറിന് ഒരുലക്ഷം രൂപയും സമ്മാനം പ്രഖ്യാപിച്ച കേരള സ്റ്റേറ്റ് ബാഡ്മിന്റൺ അസോസിയേഷന്റെ നടപടിയും ശ്ളാഘനീയമാണ്.

തോമസ് കപ്പിലെ സ്വർണനേട്ടത്തിലൂടെ ഇന്ത്യയുടെ അഭിമാനമുയർത്തിയ ഏവർക്കും ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ.

Advertisement
Advertisement