ഗ്യാൻവാപി പള്ളിക്കിണറിൽ ശിവലിംഗം ​ കണ്ടഭാഗം അടച്ചിട്ട് വാരണാസി കോടതി

Tuesday 17 May 2022 12:41 AM IST

ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: വാരണാസി കാശി വിശ്വനാഥക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ നടത്തിയ സർവേയിൽ കിണറിൽ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് ആ ഭാഗം അടച്ച് പൂട്ടാൻ വാരണാസി കോടതി ഉത്തരവിട്ടു. കോടതി വിധിയെ ചൊല്ലി രാജ്യത്ത് വിവാദം ഉടലെടുത്തിരിക്കെ, വിഷയം ഇന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹം എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.

കോടതി നിർദ്ദേശപ്രകാരമാണ് അഭിഭാഷക കമ്മിഷൻ ഗ്യാൻവാപി പള്ളിയിൽ മൂന്നുദിവസത്തെ വീഡിയോഗ്രാഫി സർവേ നടത്തിയത്. മസ്ജിദിൽ അംഗസ്നാനം നടത്തിയിരുന്ന കിണറ്റിലെ വെള്ളം വറ്റിച്ചപ്പോൾ ശിവലിംഗം കണ്ടെത്തിയെന്ന് അഭിഭാഷക കമ്മിഷൻ ഇന്നലെ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്ഥലത്ത് സി.ആർ.പി.എഫിന്റെ സുരക്ഷയൊരുക്കാനും, ശിവലിംഗം കണ്ടെത്തിയ ഭാഗം അടച്ച്പൂട്ടി സീൽ ചെയ്യാനും വാരണാസി സിവിൽ കോടതി ജഡ്ജി രവികുമാർ ദിവാകർ ഉത്തരവിട്ടു. ജില്ലാ മജിസ്ട്രേറ്റ്, പൊലീസ് കമ്മിഷണർ, വാരണാസിയിലെ സി.ആർ.പി.എഫ് കമാൻഡ് എന്നിവരോടാണ് നിർദ്ദേശം.

കാശി വിശ്വനാഥ ക്ഷേത്ര മതിലിലെ വിഗ്രഹങ്ങളിൽ പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ ഹർജി നൽകിയിരുന്നു. ഗ്യാൻവാപി പള്ളിവളപ്പിൽ ദണപതി, ഹനുമാൻ എന്നീ വിഗ്രഹങ്ങളുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം പരിശോധിക്കാൻ 2021 ആഗസ്റ്റ് 18നാണ് അജയ് മിശ്രയെ അഡ്വക്കേറ്റ് കമ്മിഷണറായി കോടതി നിയോഗിച്ചത്.

കമ്മിഷൻ പള്ളിയിൽ വിഗ്രഹമുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇതിനായി വീഡിയോഗ്രാഫി ഉപയോഗപ്പെടുത്താമെന്നും കോടതി ഉത്തരവിട്ടു. ഇതിനെതിരെ അൻജുമാൻ ഇന്റെസാമിയ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളിയിരുന്നു.

പക്ഷപാതപരമായി പ്രവർത്തിക്കുന്ന അഭിഭാഷക കമ്മിഷനെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും കോടതി തള്ളി. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഇക്കാര്യത്തിൽ അടിയന്തര വാദം കേൾക്കണമെന്ന മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദിയുടെ ഹർജി ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഉത്തരവിട്ടിരുന്നു.

സുരക്ഷയിൽ ആശങ്കയുണ്ട്: ജഡ്ജി

ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ ഉത്തരവിട്ട വാരണാസി സിവിൽ കോടതി ജഡ്ജി രവികുമാർ ദിവാകർ തന്റെയും കുടുംബത്തിന്റെയും സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തി. ഭയത്തിന്റെ അന്തരീക്ഷമാണുള്ളതെന്നും കുടുംബത്തിന്റെയും തന്റെയും സുരക്ഷയിൽ ആശങ്കയുണ്ടെന്നും വിചാരണയ്ക്കിടെ അദ്ദേഹം പറഞ്ഞു.

 ഗ്യാൻവാപി പള്ളി എന്നും പള്ളിയായി നിലനിൽക്കും. ബാബ്റി മസ്ജിദിനെ പോലെ ഇതും നഷ്ടപ്പെടാൻ അനുവദിക്കില്ല.

-അസദുദ്ദീൻ ഒവൈസി, എ.ഐ.എം.ഐ.എം നേതാവ്

Advertisement
Advertisement