ഇവർക്കൊക്കെ എങ്ങനെ  ഐ എ എസ് കിട്ടി ! ഇന്ത്യയുടെ തോമസ് കപ്പ് വിജയത്തിൽഐ എ എസ് ഉദ്യോഗസ്ഥൻ പങ്കുവച്ചത് കൊതുകിനെ കൊല്ലുന്ന ബാറ്റ് 

Tuesday 17 May 2022 10:43 AM IST

ന്യൂഡൽഹി : ഐ എ എസ് ഉദ്യോഗസ്ഥരെന്നാൽ ബുദ്ധിശക്തിയിൽ ഒരു പടി മുന്നിൽ നിൽക്കുന്നവരെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇന്ത്യയുടെ തോമസ് കപ്പ് വിജയത്തിൽ കൊതുകിനെ കൊല്ലുന്ന ബാറ്റിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഐ എ എസ് ഉദ്യോഗസ്ഥർക്കെല്ലാം അപമാനമായിരിക്കുകയാണ് ഒരു ഉദ്യോഗസ്ഥൻ. ഐഎഎസ് ഉദ്യോഗസ്ഥൻ സോമേഷ് ഉപാദ്ധ്യായയാണ് തോമസ് കപ്പ് ആദ്യമായി ഉയർത്തിയ ഇന്ത്യൻ ബാഡ്മിന്റൺ പുരുഷ ടീമിനെ പിന്തുണയ്ക്കാനായി പോസ്റ്റിട്ടത്. ബാഡ്മിന്റണിൽ തങ്ങളേക്കാൾ ഇന്ത്യക്കാർ എങ്ങനെ മികച്ചുനിന്നുവെന്ന് ഇന്തോനേഷ്യക്കാർ ആശ്ചര്യപ്പെടുന്നു,' എന്ന തലക്കെട്ടിലാണ് കൊതുകിനെ കൊല്ലുന്ന ബാറ്റിന്റെ ചിത്രമുള്ളത്.

ഐ എ എസ് ഉദ്യോഗസ്ഥന്റെ അബദ്ധ പോസ്റ്റിനെ പല വിധത്തിലാണ് കായിക പ്രേമികൾ വിമർശിച്ചത്. വിജയിച്ച ഇന്ത്യൻ ടീമിനെ അപമാനിക്കുന്നു എന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. ട്രോളുകളായും ഐ എ എസ് ഉദ്യോഗസ്ഥന്റെ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ ടീമിന്റെ ചരിത്ര നേട്ടത്തെ തരംതാഴ്ത്തുന്നതാണ് ഈ ചിത്രമെന്നും ആളുകൾ അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ബാങ്കോക്കിൽ നടന്ന മത്സരത്തിൽ ഇന്തോനേഷ്യയെ തോൽപ്പിച്ചാണ് ഇന്ത്യ തങ്ങളുടെ കന്നി തോമസ് കപ്പ് നേടിയത്. ലക്ഷ്യ സെൻ, സാത്വിക് സായ് രാജ്, ചിരാഗ് ഷെട്ടി, കിഡംബി ശ്രീകാന്ത് എന്നിവർ തങ്ങളുടെ അസാമാന്യ പ്രകടനത്തിലൂടെ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. 14 തവണ ചാമ്പ്യൻമാരായ ഇന്തോനേഷ്യയ്‌ക്കെതിരായ ഇന്ത്യയുടെ വിജയത്തിൽ പ്രധാനമന്ത്രി ഉൾപ്പടെ ടീമിന് ആശംസകൾ അറിയിച്ചിരുന്നു.