'ശിവലിംഗം സംരക്ഷിക്കണം, നിസ്‌കാരത്തെ ഒരുവിധത്തിലും ബാധിക്കരുത്'; ഗ്യാൻവാപി മസ്‌ജിദ് കേസ് ഇനി വ്യാഴാഴ്‌ച പരിഗണിക്കുമെന്ന് സുപ്രീംകോടതി

Tuesday 17 May 2022 7:40 PM IST

ന്യൂഡൽഹി: വാരണാസിയിലെ ഗ്യാൻവാപി മസ്‌ജിദിൽ സർവെയ്‌ക്കിടെ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗം സംരക്ഷിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റിന് നിർദ്ദേശം നൽകി സുപ്രീംകോടതി. കേസ് ഇനി വ്യാഴാഴ്‌ചയാണ് സുപ്രീംകോടതി പരിഗണിക്കുക. അതുവരെ ശിവലിംഗം സംരക്ഷിക്കണം, എന്നാൽ പള‌ളിയിൽ നിയന്ത്രണമേർപ്പെടുത്തി മുസ്ളീങ്ങൾക്ക് നിസ്‌കാരത്തിന് തടസമുണ്ടാകരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.

പ്രദേശം സീൽ ചെയ്യാനും ജനങ്ങളുടെ പ്രവേശനം വിലക്കാനും മേയ് 16ന് വാരണാസി സിവിൽ കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. ശിവലിംഗത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട ഉത്തരവിലെ ഭാഗം മാത്രമേ നിലനിർത്തൂവെന്നും സുപ്രീംകോടതി അറിയിച്ചു. പ്രശ്‌നത്തിൽ യുപി സർക്കാരിനും ഹർജിക്കാർക്കും കോടതി നോട്ടീസയച്ചു. സ്ഥലത്ത് സർവെ നടത്താൻ വാരണാസി കോടതി നൽകിയ നിർദ്ദേശത്തെ സുപ്രീംകോടതി തടഞ്ഞില്ല.

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്തുകൊണ്ടാണ് പതിനാറാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ഗ്യാൻവാപി മസ്‌ജിദ് നി‌ർമ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി 1991ൽ വാരണാസി കോടതിയിൽ ഒരു ഹർജി സമർപ്പിച്ചിരുന്നു. ഹർജിക്കാരും സ്ഥലത്തെ പൂജാരിയും ഗ്യാൻവാപി പള‌ളിക്കുള‌ളിൽ ആരാധനയ്‌ക്ക് അനുമതി ചോദിച്ചിരുന്നു.

അയോദ്ധ്യ വിധിയ്‌ക്ക് പിന്നാലെ വിജയ് ശങ്കർ റസ്‌തൊഗി എന്ന അഭിഭാഷകൻ ഗ്യാൻവാപി പള‌ളിയുടെ നിർമ്മാണത്തിൽ പ്രശ്‌നമുണ്ടെന്ന് കാട്ടി ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ സർവെ പള‌ളിയിൽ വേണമെന്ന് കാണിച്ച് ഹർജിയും നൽകി.